Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Saturday, August 26, 2017

കാലമേ.. ഒന്ന് സ്‌ലോ ഡൌൺ പ്ലീസ്

" ബിനുവേട്ടാ എനിക്കൊന്ന്‌ തര്വോ ..ഞാനൊന്ന് കോരിക്കോട്ടേ ...." 

" പോടാ ചെർക്കാ .. നീ വലുതായീട്ട് കോരുവോ കുളിക്കുവോ എന്ത് വേണേലും ചെയ്തോ "

" അത് പറ്റൂല ..എനിക്കിപ്പോ കോരണം. ഒറ്റ തവണ മതി ..പ്ലീസ് " 

" നടക്കില്ല മോനെ .. നീ നിൻറെ പണി നോക്കി പുവാൻ നോക്ക് .."

അമ്മാമ്മേടെ (അമ്മയുടെ അമ്മ)  വീടിൻറെ പരിസരത്തെവിടെയോ ആണ് ബിനുവേട്ടൻറെയും വീടെന്നറിയാം. പുള്ളീടെ അച്ഛനേം അമ്മയേം ഒക്കെ അമ്മാമ്മയും അപ്പൂപ്പനും പണ്ട് സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് . അതിൻറെ ഒരു ബഹുമാനം ബിനുവേട്ടൻറെയും "സാറേ" വിളികളിൽ പ്രകടമായിരുന്നു.  സ്കൂൾ അവധിക്കാലത്ത് എന്നെ അമ്മാമ്മേടെ വീട്ടിൽ കൊണ്ടാക്കും. അവിടെയാണ് ബിനുവേട്ടനെപോലെ തനി നാട്ടിൻപുറത്തുകാരായ പിള്ളേരെ കാണാൻ കിട്ടുന്നത്. ബിനുവേട്ടൻ സമയം കിട്ടുമ്പോൾ അമ്മാമ്മേടെ വീട്ടിൽ വന്ന് കൊച്ചു സഹായങ്ങൾ ചെയ്തുകൊടുക്കും  - കടയിൽ പോയ് സാധനങ്ങൾ വാങ്ങിവരിക, പുരയിടത്തിൽ അവിടേം ഇവിടേം കിടുക്കുന്ന തേങ്ങാ, കശുവണ്ടി, ചുള്ളിക്കമ്പുകൾ, കൊതുമ്പ്‌, മടൽ  എന്നിവ പിറക്കികൊണ്ട് വരിക, കിണറ്റിൽ നിന്നും വെള്ളം കോരുക - ഇത്യാദി പരിപാടികൾ. ചെയ്യുന്ന സഹായങ്ങൾക്ക് ഒരു കൊച്ചു തുക പ്രതിഫലമായി അമ്മാമ്മയും കൊടുത്തിരുന്നു. തന്നാലായത് ചെയ്ത് സ്വന്തം വീട്ടുകാരെ സാമ്പത്തികമായി സഹായിച്ചിരുന്ന ആ പയ്യൻറെ മിടുക്ക് ഇടയ്ക്ക്‌ എൻറെ ശ്രദ്ധയിൽ പെടുത്താനും അമ്മാമ്മ ശ്രമിച്ചിരുന്നു.    

അമ്മാമ്മേടെ വീട്ടിലെ കിണറിനു ഒരു മൂടിയുണ്ട്. ഞാൻ അവധിക്ക് വന്നാൽ അത് എപ്പോഴും അടഞ്ഞു പൂട്ടി കിടെക്കും. അടഞ്ഞു കിടുക്കുന്നവയോടും അരുതെന്നു പറയുന്നവയോടും പ്രതേകിച്ചു തോന്നുന്ന ഒരു കമ്പവും ക്യൂറിയോസിറ്റിയുമുണ്ടല്ലോ ! ഇന്ന് അങ്ങനെ ബിനുവേട്ടൻ മൂടി തുറന്ന് കിണറ്റിൽ നിന്നും വെള്ളം കോരുന്ന രംഗമാണ്.

" വലുതാവുമ്പോന്ന് പറഞ്ഞാൽ എപ്പഴാ.. ഓണം ഹോളിഡേയ്‌സ്ന് ഞാൻ വരുമ്പോ പറ്റ്വോ  "

" നീ എൻറെ അത്രേം ആവുമ്പോ സ്വന്തമായി കോരിക്കോ.."

" ബിനുവേട്ടന് എത്ര വയസ്സായി .. "

" പതിനാല് .." 

രംഗം ശോകം. വിരലിൽ എണ്ണി നോക്കി. എനിക്കിപ്പോ വയസ്സ് ആറ്. ഇനിയും ഒരു ആറ് കൊല്ലം കൂടി ജീവിച്ചാലും പന്ത്രണ്ടേ ആവൂ. അതും കഴിഞ്ഞു പിന്നേം രണ്ട് വർഷം കൂടി കഴിയണം ഈ പറയുന്ന പ്രായപൂർത്തി ആവാൻ. അതൊക്കെ ഇനി എന്ന് നടക്കാനാണ് !! ഈ മോഹം തല്ക്കാലം ഉപേക്ഷിച്ചേക്കാം ... 
..ഏയ് അല്ലെങ്കിൽ അങ്ങനെ മൊത്തമായി ഉപേക്ഷിക്കേണ്ട..ഈ പറയുന്ന കാലത്തിനിടെക്ക്‌ കിണറ്റിൻറെ മൂടി അടച്ചു താഴിടാൻ ഒരിക്കലെങ്കിലും ആരെങ്കിലും മറക്കും. 
അവസരം - അത് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നവർക്കുള്ളതാണ്..        

പക്ഷെ പിന്നെ അടുത്ത ഏതോ വർഷത്തെ അവധിക്ക് വന്നപ്പോൾ കണ്ടു കിണറിൻറെ വരി പൊളിച്ചു നീക്കി മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്തിട്ടിരിക്കുന്നു. കിണറിൽ നിന്നും വെള്ളം അടിച്ചു കേറ്റാൻ മോട്ടോറും പമ്പുമൊക്കെയായി. കപ്പിയും തോട്ടിയും കയറുമൊക്കെ പടിയിറങ്ങി.   

നഗരത്തിൻറെ സന്തതിയുടെ നടക്കാതെ പോയ മറ്റൊരു നാട്ടിൻപുറം മോഹം. ബിനുവേട്ടൻ അമ്മാമ്മേടെ വീട്ടിലേക്കുള്ള വരവൊക്കെ പണ്ടേ നിർത്തി. എങ്കിലും നാട്ടു വിശേഷങ്ങളായി പുള്ളി പ്രീഡിഗ്രി കഴിഞ്ഞു ഗൾഫിൽ പോയതും പിന്നീട്‌ കല്യാണം കഴിഞ്ഞതും കുട്ടികൾ ആയതുമൊക്കെ ആരൊക്കെയോ വഴി അറിഞ്ഞ അമ്മാമ്മ പലപ്പോഴായി പറഞ്ഞു കേട്ടിരുന്നു. 

*****************

പോയ മാസം എനിക്ക് വയസ്സ് മുപ്പത്തി രണ്ട് തികഞ്ഞു. ട്രെയിൻ യാത്രകളിൽ ജനലിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ഇലക്ട്രിക്ക് പോസ്റ്റുകൾ മിന്നി മറയുന്നതുപോലെയാണ് ഇപ്പൊ വർഷങ്ങളുടെ പോക്ക്. എനിക്ക് ചുറ്റുമുള്ള ലോകം ഒരുപാട് വലുതായി ..ഒരുപാട് വേഗത്തിലായി. നിത്യ ജീവിതത്തിലെ അക്ഷയപാത്രം പോലുള്ള അനേകം to-do  ലിസ്റ്റുകളിൽ ഒരിടത്തും "കപ്പിയും കയറും കൊണ്ട് കിണറ്റിൽ നിന്നും വെള്ളം കോരണം"  എന്ന ആ ആറ് വയസ്സുകാരൻറെ മോഹം ഞാൻ കുറിച്ചിട്ടില്ല.


Monday, March 5, 2012

ക്ഷണം

കണ്ണിമ ചിമ്മുമൊരു നേരം മുന്‍പുവരെ
സങ്കല്പ്പമായിരുന്നോരാ നിസ്സാര നിമിഷമേ,
ഒരു ക്ഷണ നേരം കൊണ്ടു നീ ഓര്‍മ്മയ്യായി
മാറുമതില്‍ പരം മര്‍ത്യന് മറ്റെന്തത്ഭുതം !

Friday, April 22, 2011

നാലു വരി പ്രണയങ്ങള്‍ - 4

ഇന്നീ നടവഴിതന്‍ ഓരത്തു നിന്നു ഞാന്‍
ഇനി വരും നാള്‍കള്‍ തന്‍ ചുടു കാറ്റിതേല്‍ക്കവേ
ഇനിക്കുമൊരു ഓര്‍മ്മയായ് നിറയുന്നെന്‍ നെഞ്ഞതില്‍
പോയൊരു വസന്തത്തിന്‍ സുരഭീ-മാരുതന്‍.

** ** **

നിര്‍മ്മലമാം നിന്‍ വചനങ്ങള്‍ ഒക്കെയും,
നിര്‍മ്മാല്യ പുഷ്പങ്ങള്‍ പോല്‍ നിറയുന്നെന്‍ ഹൃദയത്തില്‍.
നിന്നോടോത്തിരിക്കുമീ നിമിഷങ്ങളൊക്കെയും ദേവി,
നിറമേറും ജീവിതത്തിനര്‍ഥങ്ങള്‍ നിരവധി !

** ** **

അഴകേ നീ ചാരെ ഇന്നില്ലെങ്കിലുമെന്‍
അന്തരാത്മാവില്‍ ആകെയും നിന്‍ ഓര്‍മ്മകള്‍.
അകലെ നിന്‍ മൊഴികളായി ഉതിരുന്ന തെന്നെലെന്‍
അണിയത്തു വന്നതു തഴുകയായി മാനസം.

Friday, January 7, 2011

നാലു വരി പ്രണയങ്ങള്‍ - 3

മറുപടി വൈകുകില്‍ മുകില്‍ കൂട്ടം നിറയും നിന്‍
മുഖം അപ്പോള്‍ കാണുവാന്‍ മനസ്സില്‍ ഒരു നിനവിതാ!
മുകില്‍ മാറി മഴ പെയ്തു തോര്‍ന്നാലോ - മഴവില്ലിന്‍
ചിരിയുമായി വന്നു നീ, സ്വപ്‌നങ്ങള്‍ നെയ്കയായ്.

** ** **

നനു-വെള്ള മനസ്സുമായി നിദ്രയില്‍ ആഴു നീ,
നിലവിളക്കാം എന്‍ കണ്മണിയേ. കരി-
നിഴലുകളൊക്കെയും മായുമീ കനവിലോ
നിറകുടം പോല്‍ എങ്ങും നന്മ മാത്രം.

** ** **

പുലര്‍കാല സൂര്യന്‍റെ പൊന്‍ബാണമേല്‍ക്കവേ
പുഞ്ചിരി തൂകീടും മഞ്ജിമ പുഷ്പമേ,
പുലര്‍ മഞ്ഞും കുളിരിടും നിന്‍ പുതുമ കണ്ടുടന്‍
പടരുന്നിതാ..പുതിയൊരുണര്‍വ്വിതെന്‍ അകതാരില്‍.

** ** **

കാരണം ഏതും ഇല്ലാതൊരീ മൌനം,
കാരാഗ്രഹമേറ്റുന്നു ഇന്നതെന്‍ ചിന്തകളെ.
കാണാന്‍ ആശിച്ചു നിന്‍ കൂടരികില്‍ ഞാന്‍ നില്‍ക്കെ
കാതങ്ങള്‍ ദൂരെയോ, കാനന കുയിലേ നീ ?

Friday, November 5, 2010

മുന്‍പേ പറന്നൊരു കൊച്ചു പക്ഷി.

വാടക വീട്ടില്‍ ഞാന്‍ താമസിക്കുന്ന മുറിയോടു ചേര്‍ന്ന ബാല്‍കണിയുടെ കൈവരിയില്‍ ഒരു കോണില്‍ ഇന്നെലെ രാത്രിയിലാണ് ഞാന്‍ അതിനെ കാണുന്നത് . ഇരുട്ടത്തു തിളങ്ങുന്ന അതിന്‍റെ കണ്ണുകള്‍ ആദ്യ നോട്ടത്തില്‍ എന്നെ ഭയപ്പെടുത്തി..എങ്കിലും സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു..അതൊരു പ്രാവ് ആണ് ..പാവം ഒരു മാടപ്പ്രാവ്. കയ്യെത്തും ദൂരത്ത്‌ പരുങ്ങി അതങ്ങനെ ഇരിക്കുന്നു. എങ്ങു നിന്നോ വഴി തെറ്റി വന്നു അവിടെ കേറി ഇരുന്നതവാം. ഇരുള്‍ വീണപ്പോള്‍ കാഴ്ച്ച മങ്ങി തിരികെ പോകാന്‍ വയ്യാതെ പെട്ടു പോയതാവണം.

എന്‍റെ മുറിയില്‍ ഇരുന്നു പഠിച്ചുകൊണ്ടിരുന്ന കൂടുകാരനെ വിളിച്ചു ഈ അഥിതിയെ കാട്ടി കൊടുക്കുമ്പോള്‍ ഞാന്‍ പ്രാവുകളെ പറ്റി വല്ലാതെ വാചാലനായി ! കുട്ടിക്കാലം മുതലേ എന്‍റെ വീട്ടില്‍ പ്രാവുകളെ വളര്‍ത്തിയിരുന്നു..വെള്ളരി പ്രാവുകള്‍..കൂട്ടിലടക്കാതെ വളര്‍ത്താവുന്നതിനാല്‍ ഏറ്റവും നല്ലൊരു വളര്‍ത്തു പക്ഷിയായി ഞാന്‍ ഇന്നും അവയെ കരുതുന്നു..പ്രാവിന്‍റെ കുറുകല്‍ ശബ്ദം എനിക്ക് അങ്ങനെ വളരെ സുപരിചിതമാണ്..പ്രതേകിച്ചു മാധുര്യം ഒന്നുമില്ലാതിരുന്ന ആ ശബ്ദത്തെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മ എന്നതിനാലാവാം, ഞാന്‍ എന്തു കൊണ്ടോ എന്നും ഇഷ്ടപെട്ടിരുന്നു. എന്നാല്‍ പ്രാവിന്‍റെ കുറുകല്‍ ദോഷം വിളിച്ചു വരുത്തും എന്നൊരു വിശ്വാസം എന്‍റെ അമ്മ ഒരു താകീതുപോലെ പലപ്പോഴും പറഞ്ഞിരുന്നു..പക്ഷെ അച്ഛനു അന്ധവിശ്വാസങ്ങള്‍ കുറവായിരുന്നതുകൊണ്ട് ആ ഒരു കാഴ്ചപ്പാടിനു വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. പിന്നീടു ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം ആയപ്പോഴേക്കും വീട്ടിന്‍റെ പരിസരത്തു പൂച്ചകളുടെ എണ്ണം ക്രമാതീതമായി പെരുകി.കുടുംബാസൂത്രണം തീരെ ഇല്ലാത്ത കൂട്ടം തന്നെ !. എന്‍റെ വളര്‍ത്തു പ്രാവുകളുടെ എണ്ണം ഇതു കാരണം ചുരുങ്ങി ചുരുങ്ങി അവക്കു അവസാനം വംശനാശം വന്നു ഭവിച്ചു. പൂച്ചകളെ പേടിച്ചു പിന്നീടു ഞാന്‍ ഇവയെ
വളര്‍ത്താതെയും ആയി. (എന്നെങ്ങിലും, പൂച്ചകള്‍ ഇല്ലാത്ത ഒരു നാട്ടില്‍ പോയി, പുഴയുടെ തീരത്തു ഒരു വലിയ ഫാം ഹൌസ് വാങ്ങി, മുറ്റം നിറയെ പ്രാവിന്‍ കൂടുകളും അവ നിറയെ പലതരം പ്രാവുകളുമായി ജീവിക്കണം..എപ്പോഴൊക്കെയോ എന്‍റെ അന്നത്തെ ഒരു നേരമ്പോക്ക് സ്വപ്നം അങ്ങനെയും !)

ഏതായാലും..നമ്മുടെ ഈ പ്രാവിന്‍റെ കാര്യത്തില്‍ അസ്വാഭാവികമായി ഒന്നും തോന്നുന്നില്ല. ഒന്നു കൈ എത്തിയാല്‍ അതിനെ പിടിക്കാന്‍ പറ്റും. പക്ഷെ അതിനു മുതിര്‍ന്നാല്‍ അതു ചിലപ്പോള്‍ പേടിച്ചു ബാല്‍കണിയുടെ കൈവരിയില്‍ നിന്നു പറന്നകന്നേക്കും..അങ്ങനെ വന്നാല്‍ ഇരുട്ടില്‍ കണ്ണു കാണാതെ താഴെ കുറ്റിക്കാട്ടില്‍ പോയി വീണതുതന്നെ..വെറുതെ അതിനു വഴിയൊരുക്കേണ്ടെന്ന് കരുതി ഞാനും.
ഇന്നെലെ അങ്ങനെ അങ്ങു കഴിഞ്ഞു.

ഇന്നു രാവിലെ ഉണര്‍ന്നപോള്‍ ആദ്യം ഓര്‍മ്മ വന്നതു പ്രാവിന്‍റെ കാര്യം തന്നെ. വെട്ടം വീണപ്പോള്‍ അതു പറന്നു പോയി കാണണം. രാവിലെ ഒരു 6:30 മണി സമയം.
ബാല്‍കണി തുറന്ന ഞാന്‍ കണ്ടതു ബാല്‍കണിയുടെ മറ്റൊരു കോണില്‍ അപ്പോഴും പതുങ്ങി ഇരിക്കുന്ന പ്രാവിനെ ആണ്. അതിന്‍റെ ഇരിപ്പില്‍ ഇപ്പോള്‍ ഒരു പന്തിക്കുറവ്വു..ഞാന്‍ അടുത്തേക്ക് ചെന്നപോള്‍ അതു മാറി പോകാന്‍ ശ്രമിക്കുന്നു..പക്ഷെ കഴിയുന്നില്ല..അവശയാണ് അതു. ഞാന്‍ അതിനെ എന്‍റെ കൈകളില്‍ എടുത്തു പതുക്കെ തലോടി. പ്രാവിനെ പിടിക്കുവാന്‍ ഒരു എതം ഉണ്ട്..പണ്ടൊക്കെ എന്‍റെ പ്രാവുകളെ എടുത്തു ഇതുപോലെ കയ്യില്‍ വയ്ച്ചു ഞാന്‍ തലോടുമായിരുന്നു..അല്‍പ നേരം കഴിയുമ്പോള്‍ ഇരുന്ന ഇരിപ്പില്‍ അവ ഉറങ്ങാന്‍ തുടങ്ങും..അവയ്ക്ക് എന്‍റെ കയ്യില്‍ ഇത്രത്തോളം സുരക്ഷിതത്വം അനുഭവപെടുന്നുണ്ടല്ലോ എന്നു കരുതുമ്പോള്‍ ഒരു ചെറിയ അഭിമാനം എനിക്കും തോന്നും ! പക്ഷെ നമ്മുടെ ഈ പ്രാവിനു തീരെ ഓജസ്സ് ഇല്ല. അതു വളരെ ഏറെ ക്ഷീണിത ആണെന്നു മനസ്സിലായി എനിക്കു. വാര്‍ധക്യം അല്ല കാരണം, ഇതു കുട്ടി പ്രാവാണ്. ഞാന്‍ അതിനെ താഴത്തു വയ്ക്കുമ്പോള്‍ ഇരുന്ന ഇരുപ്പില്‍ അതിന്‍റെ തല കൂനി പോകുന്നതായി കണ്ടു..തല നിവര്‍ത്താന്‍ അതു പാടു പെടുന്നു.


വീട്ടിനുള്ളില്‍ പോയി അതിനു കഴിക്കുവാന്‍ അല്‍പ്പം അരിയും, കുടിക്കാന്‍ ഒരു ചിരട്ടയില്‍ കുറച്ചു വെള്ളവുമായി വന്നു ഞാന്‍ അവ അതിന്‍റെ മുന്നില്‍ വയ്ച്ചു...അനക്കമില്ല...കണ്ടതായി ഭാവവും ഇല്ല. ഇനി കണ്ണു കാണില്ലയിരിക്കുമോ അതിനു?
ഒരു നേര്‍ത്ത തുണി കഷ്ണം വെള്ളത്തില്‍ കുതിര്‍ത്തു ഞാന്‍ അതിന്‍റെ ചുണ്ടിനോട് അടുപ്പിച്ചു നോക്കി..അതു ആര്‍ത്തിയോടെ ആ ഒരു തുള്ളി വെള്ളം അകത്താക്കി. വീണ്ടും ഒരു 6-7 പ്രാവശ്യം ഞാന്‍ ഇതാവര്‍ത്തിച്ചു, അതു വെള്ളം കുടിച്ചു..ഒടുവില്‍ അതു ചുണ്ടു മാറ്റി പിടിച്ചു..മതിയായി എന്നോണ്ണം . അതിനു ഒരല്‍പ്പം അനക്കം വയ്ച്ചത് പോലെ..തല മുകളിലേക്ക് ഉയര്‍ത്തി അതു വെള്ളം അകത്താക്കി..പ്രാവുകള്‍ സാധാരണ വെള്ളം കുടിച്ചു കഴിയുമ്പോള്‍ അങ്ങെനെയാണ്. പ്രതീക്ഷയുടെ ഒരു നേര്‍ത്ത തണുത്ത കാറ്റു വീശി അപ്പോള്‍. സമയം ഒരു 7:15 ആയി കാണണം.

ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പകുതിയാക്കി ഞാന്‍ മടങ്ങി എത്തുമ്പോള്‍ സമയം 8 മണി. കണ്ടതു രണ്ടു ചിറകും വിടര്‍ത്തി ആ പ്രാവു ചെരിഞ്ഞു വീഴുന്നതായിരുന്നു..ആ ചെറു കാലുകള്‍ക്ക് ആ ശരീരത്തിന്‍റെ ഇത്തിരി ഭാരം താങ്ങി നിര്‍ത്താന്‍ വയ്യാതെ ആയി തീര്‍ന്നിരിക്കുന്നു..ചിറകുകള്‍ താഴെ കുത്തി അതു നിവരാന്‍ ശ്രമിക്കുന്നു..ഇമകളുടെ ചലനം വളരെ പതുക്കെ ആയി തീര്‍ന്നിരിക്കുന്നു..ഞാന്‍ പോയി അതിനെ എടുത്തു കയ്യില്‍ വയ്ച്ചു വീണ്ടും പതുക്കെ തലോടാന്‍ തുടങ്ങി..അതിന്‍റെ ശരീരത്തിലെ ചൂടു നഷ്ടമായിരിക്കുന്നതായി ഞാന്‍ അറിഞ്ഞു..തല കൂനി കൂനി പോകുന്നു. ഒരു ചൂണ്ടു വിരല്‍ കൊണ്ടു ഞാന്‍ ആ തല മെല്ലെ താങ്ങി നിര്‍ത്തി. പിന്നെ ഒരു പത്തു മിനിറ്റോളം നേരം അങ്ങനെ..അതിന്‍റെ ഹൃദയമിടിപ്പു നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി.. കണ്ണുകള്‍ ചലനമറ്റു..ആ ജീവന്‍ നിലച്ചു.
സമയം 8:15..അതിനെ ആദ്യമായി ഞാന്‍ തൊട്ടിട്ടു രണ്ടു മണികൂര്‍ കൂടി ആയിട്ടില്ല..
തല താങ്ങി നിര്‍ത്തിയിരുന്ന വിരല്‍ ഞാന്‍ മാറ്റിയപ്പോള്‍ ആ കുഞ്ഞു തല താഴേക്കു കൂനി..അവസാനം കുടിച്ച ജീവ ജലത്തിന്‍റെ രണ്ടു തുള്ളികള്‍ ആ മൂക്കില്‍ നിന്നു ഒലിച്ചിറങ്ങി എന്‍റെ കൈത്തണ്ടില്‍ ഇറ്റു വീണു. അപ്പോഴും അടയാതെ എന്നെ നോക്കിയിരുന്ന ആ കുഞ്ഞു കണ്ണുകള്‍ എന്‍റെ വിരല്‍ തുമ്പു കൊണ്ടു അതിനെ നോവിക്കാതെ ഞാന്‍ അടച്ചു.

മരിക്കുവാനായി മാത്രം എന്‍റെ അരുകില്‍ വന്നെത്തിയതു പോലെ ഒരു ജീവന്‍ !

മരണം കണി കാണുന്നതു നല്ലതിനാണെന്നു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു നല്ല കണിയുമായി ഞാന്‍ ഈ ദിവസം ആരംഭിക്കട്ടെ...

Monday, October 25, 2010

തണല്‍ മരങ്ങള്‍ !

വിചാരം :

നല്ല സൗഹൃതങ്ങള്‍ തണല്‍ വൃക്ഷങ്ങള്‍ പോലെയാണ്.
വേണമെന്ന് കരുതി നമ്മള്‍ നടുന്ന പല വൃക്ഷ തൈകളും വിചാരിച്ചതു പോലെ വളര്‍ന്നു തണല്‍ ഏകാറില്ല .
അവിചാരിതമായി വീണു കിളിര്‍ക്കുന്ന ചില തൈകള്‍ ആവട്ടെ, പ്രതീക്ഷിക്കാതെ വളര്‍ന്നു നമുക്കു തണല്‍ ഏകുകയും ചെയ്തേക്കാം.
ഒരു വിത്ത് വീണു കിളിര്‍ത്തു അതൊരു തൈ ആയി..പിന്നെ ഒരു ചെടിയായി..പിന്നെ ഒരു ചെറു മരമായി വളര്‍ന്നു, വളര്‍ന്നു ഒരു മഹാ വൃക്ഷമാകാന്‍ ഒരുപാട് നാള്‍ എടുക്കും.
ക്ഷമയും സ്നേഹവും പ്രതീക്ഷയും ഇതിലെല്ലാം ഉപരി, വിശ്വാസവും അതു വളം ആയി സ്വീകരിക്കും.

അങ്ങനെ നിമിത്തങ്ങള്‍ പോലെ നമ്മുടെ ജീവിതത്തില്‍ തണല്‍ ആയി വളര്‍ന്നു വരുന്ന വൃക്ഷങ്ങള്‍ വളവും വെള്ളവും ലഭിക്കാതെ മരിച്ചു വീഴുന്ന സാഹചര്യം ഓര്‍ത്തു നോക്കുക.
അവയെ വെട്ടി മാറുന്നതിനു തുല്യം തന്നെ അല്ലെ? അപ്രകാരം നഷ്ടപെടുന്ന ഒരു വൃക്ഷത്തിന്‌ പകരം ഒരായിരം പുതു വൃക്ഷ തൈകള്‍ നട്ടാലും പ്രയോജനം കാണുമോ?

നാലു വരി പ്രണയങ്ങള്‍ - 2

മറ്റൊരു ജന്മത്തില്‍ എന്നോ ഒരിക്കല്‍ നാം
ഉറ്റവര്‍ ആയി കഴിഞ്ഞിരിക്കാം.
ഇന്നു നീ ഏകുമീ സ്നേഹമിതത്രയും
പോയ ജന്മത്തിന്‍ കടങ്ങളാവാം !

** ** **

ജീവിതച്ചുമരുകളില്‍ ആയിരം ചിത്രങ്ങള്‍
ഓര്‍മ്മകള്‍ ! അവയൊക്കെ ചിത്രശലഭങ്ങള്‍.
മറവിതന്‍ മഴയേറ്റ് ചിറകൊടിയുംമ്പോഴുമത്തില്‍
ഒരു മുഖം മാത്രം, അതു മായില്ലൊരിക്കലും.

** ** **

ഇനിയുള്ള നാളുകളൊക്കെയും നിന്‍ സ്നേഹ
സാമീപ്യം ഞാന്‍ ഇന്നു സ്വപ്നം കണ്ടു.
ഇന്നു വെളുപ്പിന് പെയ്തൊരാ മഴയിലെന്‍
സ്വപ്‌നങ്ങള്‍ അത്രയും കുളിരുകൊണ്ടു.

** ** **

എന്നോടിത്രമേല്‍ പരിഭവമിതെന്തിനായ് ?
എന്തിനായ് ഈ അശ്രു ബിന്ദുക്കള്‍ നിന്‍ കണ്‍കളില്‍ ?
എന്‍ മനം പിടയുന്നു നിന്‍ മുഖം വാടുകില്‍,
എന്‍ ആത്മ സഖി നീ മിഴികള്‍ തുടച്ചിടൂ.

Friday, September 17, 2010

നാലു വരി പ്രണയങ്ങള്‍ - 1

മഴയായ് വന്നു നീ പെയ്തണഞ്ഞപ്പോഴെന്‍,
മനമാം തളിരില കുളിരേട്ടു നിന്നുപോയ്.
മദകരം! ഒരു മിന്നല്‍ നീയെനിക്കേകവേ,
മധുരമൊരു കനവിതോ മാരിവില്‍ കവിതപോല്‍ ?!

** ** **

നിന്‍ ചിരി അതെന്നും ഒരു നറു പുഷപവൃഷ്ടിയായ്
നിന്‍ പാട്ടില്‍ അലിയുന്നിതെന്‍ ലോകമെപ്പോഴും
എന്‍ ഹൃദയത്തിലിന്നൊരീ നീറ്റലായ് നിറയ്വത്
നിന്‍ പരിഭവമോ,അതിന്‍ മൌന ശരങ്ങളോ?

** ** **

അരികത്തിരുന്നൊരു സ്വകാര്യമിന്നോതിയും
അനുരാഗ വീണതന്‍ തന്ദ്രികള്‍ മീട്ടിയും
ആലോലമാടുമീ മഞ്ഞലിന്‍ താരാട്ടില്‍
ആകെ മറന്നു ഞാന്‍, നമ്മളെ തന്നെയും!

Saturday, May 1, 2010

ചെറുനിദ്ര..

വേനലിന്‍ നോവുപോല്‍ വിങ്ങുമീ രാവിതില്‍
ഒരു കൊച്ചു ശലഭത്തിനു നിദ്രയുമില്ലെയോ?
മയങ്ങു നീ, ഓര്‍മ്മകള്‍ തന്‍ കുളിര്‍ക്കാറ്റുമേറ്റുടന്‍,
നിശ്ശബ്ദമാം നിലാവതിന്‍ തലോടലുമേറ്റുടന്‍.

രാവുടന്‍ മാഞ്ഞീടും , പുലരി വന്നണഞ്ഞീടും
പുതുപുഷ്പങ്ങളില്‍ അമൃതും നിറഞ്ഞീടും.
മിഴികള്‍ തുറന്നു നീ ചുറ്റിനും നോക്കുകില്‍,
വരവേറ്റു നില്‍ക്കുമൊരു നവലോകം കണ്ടീടും.

Sunday, April 11, 2010

നിശ്വാസം

നോക്കെത്താ ദൂരത്തോളം ഒരു കടലോരമതില്‍,
നോക്കിയാല്‍ എവിടെയും ചിരിതൂവും മുഖങ്ങള്‍.
നോക്കുകുത്തിപോല്‍..സ്ഥായിയായ്, ഏകനായ്
നില്പ്പൂ ഞാനീ കടല്‍ കാറ്റുംമേറ്റിതാ.

സന്ധ്യ മയങ്ങുമീ നേരത്ത്‌ നോക്കുകില്‍,
വന്നവരത്രയും മടങ്ങുന്നു ത്രിപ്തരായ്.
വഴിതെറ്റി വന്നൊരാ ദേശടനക്കിളിയെപ്പോല്‍
നോക്കി നില്‍പ്പു ഞാന്‍, അകലെയാ തിരകളെ !

Monday, December 28, 2009

പാവകളി

എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചൊരു സംഭവം.

എന്റെ 3 കൂടുകാര്കൊപ്പം ഞാന്‍ ഈയിടെക്കൊരു ദിവസം ചെന്നൈയില്‍ ഒരു 3D സിനിമ-ക്ക് പോയി. സിനിമ ടിക്കറ്റ്‌ വില 140 രൂപ ഒരാള്‍ക്ക്. അകത്തു കേറിയ ഞങ്ങളെ തീവ്രവാദികളെ എങ്ങനെ പരിശോധിക്കുമോ, അതിലും കര്‍ശനമായ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കി. അല്പം വെയിറ്റ് ചെയ്യേണ്ടതായി വന്നു. കൂടെയുള്ള ഒരുവന് വിശക്കുന്നു. ഞങ്ങള്‍ 2 പാക്കറ്റ്
tomato -chilli flavored പോപ്‌ കോന്‍ വാങ്ങി..കൂടെ അല്പം കുടിവെള്ളവും. രൂപ 120. അകത്തു കയറി സിനിമ തുടങ്ങി. പോപ്‌ കോന്‍ കഴിച്ചു തുമ്മലും എരിവും ..വാങ്ങിയ വെള്ളം ഞങ്ങള്‍ 4 പേര്‍ക്കും തികയുന്നുമില്ല. പക്ഷെ ഞാന്‍ അടക്കം ആര്‍ക്കും പരാതിയില്ല. ഇടവേള. വെളിയില്‍ പോയ ഞാനും സുഹൃത്തും ..ഞങ്ങള്‍ നാല് പേര്‍ക്കും വേണ്ടി hot -dog (s ) ഉം french -fries -ഉം വാങ്ങി. രൂപ 180 ഉം , 65 ഉം . വില കേട്ടിട്ട് ഒരുപാടു quantity ഉണ്ടെന്നോന്നും കരുതേണ്ട. ഒന്ന് മണപ്പിക്കാന്‍ തികയില്ല. ഇപ്പോഴും ആര്‍ക്കുമില്ല പരാതി. സിനിമ തുടരുന്നു ..തീരുന്നു ..ഞങ്ങള്‍ ആ multiplex -യിലെ മായകഴ്ച്ചകള്‍ക്ക് വിടപറഞ്ഞു വീടുകളിലേക്ക് മടങ്ങി. വീട് എതാര്‍ ആയപ്പോള്‍ റോഡരികില്‍ ട്രാഫിക്‌ ലൈറ്റ്-നു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികള്‍ തോറും Santa claus തൊപ്പികള്‍ വില്കുന്ന ഒരു നാടോടി പയ്യന്‍. കണ്ടപ്പോള്‍ കമ്പം തോന്നി. വലിയ ക്വാളിറ്റി ഒന്നും കാണില്ല..എന്നാലും വാങ്ങി ഓഫീസില്‍ കൊണ്ടുപോയാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അല്പം മാറ്റ് കൂട്ടാം. പയ്യനോട് വില ചോദിച്ചു.. അവനൊരു 15 വയസ്സ് പ്രായം കാണും. ഒരെണ്ണംത്തിനു 20 രൂപ. വിലപേശാന്‍ ഞാന്‍ പണ്ടേ പിറകിലാണ്. എന്നാലും പയ്യന്റെ പ്രായക്കുറവ് മുതലെടുക്കാമെന്ന് കരുതി ഞാന്‍ പറഞ്ഞു.. 10 . ഇല്ല..അത് തനിക്കൊരു ലാഭവുമില്ലാത്ത തുകയനെന്നും..15 ഇന് വേണമെങ്ങില്‍ തരാമെന്നും പയ്യന്‍. എനിക്കത് വേണമെന്നൊരു നിര്‍ബന്ധവുമില്ല...അവനോടു ഞാന്‍ അത് പറയുകയും ചെയ്തു. 10 ഇന് ഏതായാലും തരില്ല എന്നവന്‍. എങ്കില്‍ അത് വേണ്ട എന്ന് ഞാനും. ഞാന്‍ തിരിഞ്ഞു നടന്നു..പുറകില്‍ നിന്നും വിളിയോന്നുമില്ല.. വിലപേശാന്‍ അറിയാത്ത ഞാന്‍ അത് പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ ഈ കാര്യത്തില്‍ തോപ്പികളോട് അത്രയ്ക്ക് ഏറെ മോഹം ഉണ്ടായിരുന്നില്ല. ഇതിനിടെക്ക് എനിക്ക് വന്ന ഒരു ഫോണ്‍ കോളിലേക്ക് ശ്രദ്ധ മാറി .ഞാന്‍ അടുത്തുള്ള ഒരു ബസ്‌-സ്റ്റോപ്പ്‌ ലക്‌ഷ്യം വയ്ച്ചു നടന്നു. അല്പം കഴിഞ്ഞപോള്‍ ആ പയ്യന്‍ രണ്ടു തൊപ്പിയും കൊണ്ട് വന്നു എന്നെ പിന്നില്‍ നിന്ന് തൊട്ടു വിളിച്ചു. രണ്ടെണ്ണം ഇരുപതിന് തരാന്‍ അവന്‍ ഒരുക്കം. അവന്‍ എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. സാധനം തന്നു കാശു വാങ്ങുമ്പോള്‍ അവന്‍ തല കുനിച്ചിരുന്നു. എന്റെ മനസ്സില്‍ ഒരു വിജയ ഭാവം.

കഞ്ഞിക്കു വകയില്ലാത്ത ഒരു നാടോടി പയ്യന് ഇരുപതു രൂപ കൊടുക്കാതെ കൂട്ടിയതിനു എനിക്ക് ഒരു മനസ്സുഖം. നൂറു കണക്കിന് രൂപ ഒരു കാര്യവുമില്ലാതെ ആ multiplex കണ്ണാടി കൂട്ടില്‍ തുലച്ചതിനു പരാതിയില്ല. അവിടെ വില പേശല്‍ ഇല്ല. 5 രൂപ വില വന്നേക്കാവുന്ന ചോളം ..45 രൂപയ്ക്കു വാങ്ങുമ്പോള്‍ ചോദ്യമില്ല..അത്ഭുതമില്ല (ഉണ്ടെങ്ങിലും 'ഇത് സ്വാഭാവികം' എന്ന മട്ടില്‍ വേണം മുഖ ഭാവം). പിന്നീട് ചിന്തിച്ചപോള്‍ വെറുപ്പ്‌ തോന്നി എനിക്ക്..ഞാനും ഈ ഒരു നാടകത്തിന്റെ ഭാഗം ആകുന്നല്ലോ. പക്ഷെ ഞാന്‍ അല്ലെ മോന്‍ ! എത്ര നേരത്തേക്ക് ...ഈ മനസ്സാക്ഷി കുത്തിനു അല്പയുസ്സു മാത്രം.

Sunday, December 27, 2009

viz. സ്മൃതി !

പെയ്തോഴിയാതോരീ വാനം പോല്‍ മാനസം
കാര്‍മുകിലിന്‍ കുടില്‍ എന്നുള്ളില്‍ തീര്‍ക്കവെ,

എങ്ങോ പെയ്തിറങ്ങിയൊരു നോവിന്‍ കുളിര്‍ കാറ്റിതെന്‍
ഓര്‍മ്മകളെ തഴുകിയിതാ കണ്ണുനീര്‍ പെയ്യിക്കുന്നു.