Friday, November 5, 2010

മുന്‍പേ പറന്നൊരു കൊച്ചു പക്ഷി.

വാടക വീട്ടില്‍ ഞാന്‍ താമസിക്കുന്ന മുറിയോടു ചേര്‍ന്ന ബാല്‍കണിയുടെ കൈവരിയില്‍ ഒരു കോണില്‍ ഇന്നെലെ രാത്രിയിലാണ് ഞാന്‍ അതിനെ കാണുന്നത് . ഇരുട്ടത്തു തിളങ്ങുന്ന അതിന്‍റെ കണ്ണുകള്‍ ആദ്യ നോട്ടത്തില്‍ എന്നെ ഭയപ്പെടുത്തി..എങ്കിലും സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു..അതൊരു പ്രാവ് ആണ് ..പാവം ഒരു മാടപ്പ്രാവ്. കയ്യെത്തും ദൂരത്ത്‌ പരുങ്ങി അതങ്ങനെ ഇരിക്കുന്നു. എങ്ങു നിന്നോ വഴി തെറ്റി വന്നു അവിടെ കേറി ഇരുന്നതവാം. ഇരുള്‍ വീണപ്പോള്‍ കാഴ്ച്ച മങ്ങി തിരികെ പോകാന്‍ വയ്യാതെ പെട്ടു പോയതാവണം.

എന്‍റെ മുറിയില്‍ ഇരുന്നു പഠിച്ചുകൊണ്ടിരുന്ന കൂടുകാരനെ വിളിച്ചു ഈ അഥിതിയെ കാട്ടി കൊടുക്കുമ്പോള്‍ ഞാന്‍ പ്രാവുകളെ പറ്റി വല്ലാതെ വാചാലനായി ! കുട്ടിക്കാലം മുതലേ എന്‍റെ വീട്ടില്‍ പ്രാവുകളെ വളര്‍ത്തിയിരുന്നു..വെള്ളരി പ്രാവുകള്‍..കൂട്ടിലടക്കാതെ വളര്‍ത്താവുന്നതിനാല്‍ ഏറ്റവും നല്ലൊരു വളര്‍ത്തു പക്ഷിയായി ഞാന്‍ ഇന്നും അവയെ കരുതുന്നു..പ്രാവിന്‍റെ കുറുകല്‍ ശബ്ദം എനിക്ക് അങ്ങനെ വളരെ സുപരിചിതമാണ്..പ്രതേകിച്ചു മാധുര്യം ഒന്നുമില്ലാതിരുന്ന ആ ശബ്ദത്തെ കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മ എന്നതിനാലാവാം, ഞാന്‍ എന്തു കൊണ്ടോ എന്നും ഇഷ്ടപെട്ടിരുന്നു. എന്നാല്‍ പ്രാവിന്‍റെ കുറുകല്‍ ദോഷം വിളിച്ചു വരുത്തും എന്നൊരു വിശ്വാസം എന്‍റെ അമ്മ ഒരു താകീതുപോലെ പലപ്പോഴും പറഞ്ഞിരുന്നു..പക്ഷെ അച്ഛനു അന്ധവിശ്വാസങ്ങള്‍ കുറവായിരുന്നതുകൊണ്ട് ആ ഒരു കാഴ്ചപ്പാടിനു വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. പിന്നീടു ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം ആയപ്പോഴേക്കും വീട്ടിന്‍റെ പരിസരത്തു പൂച്ചകളുടെ എണ്ണം ക്രമാതീതമായി പെരുകി.കുടുംബാസൂത്രണം തീരെ ഇല്ലാത്ത കൂട്ടം തന്നെ !. എന്‍റെ വളര്‍ത്തു പ്രാവുകളുടെ എണ്ണം ഇതു കാരണം ചുരുങ്ങി ചുരുങ്ങി അവക്കു അവസാനം വംശനാശം വന്നു ഭവിച്ചു. പൂച്ചകളെ പേടിച്ചു പിന്നീടു ഞാന്‍ ഇവയെ
വളര്‍ത്താതെയും ആയി. (എന്നെങ്ങിലും, പൂച്ചകള്‍ ഇല്ലാത്ത ഒരു നാട്ടില്‍ പോയി, പുഴയുടെ തീരത്തു ഒരു വലിയ ഫാം ഹൌസ് വാങ്ങി, മുറ്റം നിറയെ പ്രാവിന്‍ കൂടുകളും അവ നിറയെ പലതരം പ്രാവുകളുമായി ജീവിക്കണം..എപ്പോഴൊക്കെയോ എന്‍റെ അന്നത്തെ ഒരു നേരമ്പോക്ക് സ്വപ്നം അങ്ങനെയും !)

ഏതായാലും..നമ്മുടെ ഈ പ്രാവിന്‍റെ കാര്യത്തില്‍ അസ്വാഭാവികമായി ഒന്നും തോന്നുന്നില്ല. ഒന്നു കൈ എത്തിയാല്‍ അതിനെ പിടിക്കാന്‍ പറ്റും. പക്ഷെ അതിനു മുതിര്‍ന്നാല്‍ അതു ചിലപ്പോള്‍ പേടിച്ചു ബാല്‍കണിയുടെ കൈവരിയില്‍ നിന്നു പറന്നകന്നേക്കും..അങ്ങനെ വന്നാല്‍ ഇരുട്ടില്‍ കണ്ണു കാണാതെ താഴെ കുറ്റിക്കാട്ടില്‍ പോയി വീണതുതന്നെ..വെറുതെ അതിനു വഴിയൊരുക്കേണ്ടെന്ന് കരുതി ഞാനും.
ഇന്നെലെ അങ്ങനെ അങ്ങു കഴിഞ്ഞു.

ഇന്നു രാവിലെ ഉണര്‍ന്നപോള്‍ ആദ്യം ഓര്‍മ്മ വന്നതു പ്രാവിന്‍റെ കാര്യം തന്നെ. വെട്ടം വീണപ്പോള്‍ അതു പറന്നു പോയി കാണണം. രാവിലെ ഒരു 6:30 മണി സമയം.
ബാല്‍കണി തുറന്ന ഞാന്‍ കണ്ടതു ബാല്‍കണിയുടെ മറ്റൊരു കോണില്‍ അപ്പോഴും പതുങ്ങി ഇരിക്കുന്ന പ്രാവിനെ ആണ്. അതിന്‍റെ ഇരിപ്പില്‍ ഇപ്പോള്‍ ഒരു പന്തിക്കുറവ്വു..ഞാന്‍ അടുത്തേക്ക് ചെന്നപോള്‍ അതു മാറി പോകാന്‍ ശ്രമിക്കുന്നു..പക്ഷെ കഴിയുന്നില്ല..അവശയാണ് അതു. ഞാന്‍ അതിനെ എന്‍റെ കൈകളില്‍ എടുത്തു പതുക്കെ തലോടി. പ്രാവിനെ പിടിക്കുവാന്‍ ഒരു എതം ഉണ്ട്..പണ്ടൊക്കെ എന്‍റെ പ്രാവുകളെ എടുത്തു ഇതുപോലെ കയ്യില്‍ വയ്ച്ചു ഞാന്‍ തലോടുമായിരുന്നു..അല്‍പ നേരം കഴിയുമ്പോള്‍ ഇരുന്ന ഇരിപ്പില്‍ അവ ഉറങ്ങാന്‍ തുടങ്ങും..അവയ്ക്ക് എന്‍റെ കയ്യില്‍ ഇത്രത്തോളം സുരക്ഷിതത്വം അനുഭവപെടുന്നുണ്ടല്ലോ എന്നു കരുതുമ്പോള്‍ ഒരു ചെറിയ അഭിമാനം എനിക്കും തോന്നും ! പക്ഷെ നമ്മുടെ ഈ പ്രാവിനു തീരെ ഓജസ്സ് ഇല്ല. അതു വളരെ ഏറെ ക്ഷീണിത ആണെന്നു മനസ്സിലായി എനിക്കു. വാര്‍ധക്യം അല്ല കാരണം, ഇതു കുട്ടി പ്രാവാണ്. ഞാന്‍ അതിനെ താഴത്തു വയ്ക്കുമ്പോള്‍ ഇരുന്ന ഇരുപ്പില്‍ അതിന്‍റെ തല കൂനി പോകുന്നതായി കണ്ടു..തല നിവര്‍ത്താന്‍ അതു പാടു പെടുന്നു.


വീട്ടിനുള്ളില്‍ പോയി അതിനു കഴിക്കുവാന്‍ അല്‍പ്പം അരിയും, കുടിക്കാന്‍ ഒരു ചിരട്ടയില്‍ കുറച്ചു വെള്ളവുമായി വന്നു ഞാന്‍ അവ അതിന്‍റെ മുന്നില്‍ വയ്ച്ചു...അനക്കമില്ല...കണ്ടതായി ഭാവവും ഇല്ല. ഇനി കണ്ണു കാണില്ലയിരിക്കുമോ അതിനു?
ഒരു നേര്‍ത്ത തുണി കഷ്ണം വെള്ളത്തില്‍ കുതിര്‍ത്തു ഞാന്‍ അതിന്‍റെ ചുണ്ടിനോട് അടുപ്പിച്ചു നോക്കി..അതു ആര്‍ത്തിയോടെ ആ ഒരു തുള്ളി വെള്ളം അകത്താക്കി. വീണ്ടും ഒരു 6-7 പ്രാവശ്യം ഞാന്‍ ഇതാവര്‍ത്തിച്ചു, അതു വെള്ളം കുടിച്ചു..ഒടുവില്‍ അതു ചുണ്ടു മാറ്റി പിടിച്ചു..മതിയായി എന്നോണ്ണം . അതിനു ഒരല്‍പ്പം അനക്കം വയ്ച്ചത് പോലെ..തല മുകളിലേക്ക് ഉയര്‍ത്തി അതു വെള്ളം അകത്താക്കി..പ്രാവുകള്‍ സാധാരണ വെള്ളം കുടിച്ചു കഴിയുമ്പോള്‍ അങ്ങെനെയാണ്. പ്രതീക്ഷയുടെ ഒരു നേര്‍ത്ത തണുത്ത കാറ്റു വീശി അപ്പോള്‍. സമയം ഒരു 7:15 ആയി കാണണം.

ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പകുതിയാക്കി ഞാന്‍ മടങ്ങി എത്തുമ്പോള്‍ സമയം 8 മണി. കണ്ടതു രണ്ടു ചിറകും വിടര്‍ത്തി ആ പ്രാവു ചെരിഞ്ഞു വീഴുന്നതായിരുന്നു..ആ ചെറു കാലുകള്‍ക്ക് ആ ശരീരത്തിന്‍റെ ഇത്തിരി ഭാരം താങ്ങി നിര്‍ത്താന്‍ വയ്യാതെ ആയി തീര്‍ന്നിരിക്കുന്നു..ചിറകുകള്‍ താഴെ കുത്തി അതു നിവരാന്‍ ശ്രമിക്കുന്നു..ഇമകളുടെ ചലനം വളരെ പതുക്കെ ആയി തീര്‍ന്നിരിക്കുന്നു..ഞാന്‍ പോയി അതിനെ എടുത്തു കയ്യില്‍ വയ്ച്ചു വീണ്ടും പതുക്കെ തലോടാന്‍ തുടങ്ങി..അതിന്‍റെ ശരീരത്തിലെ ചൂടു നഷ്ടമായിരിക്കുന്നതായി ഞാന്‍ അറിഞ്ഞു..തല കൂനി കൂനി പോകുന്നു. ഒരു ചൂണ്ടു വിരല്‍ കൊണ്ടു ഞാന്‍ ആ തല മെല്ലെ താങ്ങി നിര്‍ത്തി. പിന്നെ ഒരു പത്തു മിനിറ്റോളം നേരം അങ്ങനെ..അതിന്‍റെ ഹൃദയമിടിപ്പു നേര്‍ത്തു നേര്‍ത്തു ഇല്ലാതെയായി.. കണ്ണുകള്‍ ചലനമറ്റു..ആ ജീവന്‍ നിലച്ചു.
സമയം 8:15..അതിനെ ആദ്യമായി ഞാന്‍ തൊട്ടിട്ടു രണ്ടു മണികൂര്‍ കൂടി ആയിട്ടില്ല..
തല താങ്ങി നിര്‍ത്തിയിരുന്ന വിരല്‍ ഞാന്‍ മാറ്റിയപ്പോള്‍ ആ കുഞ്ഞു തല താഴേക്കു കൂനി..അവസാനം കുടിച്ച ജീവ ജലത്തിന്‍റെ രണ്ടു തുള്ളികള്‍ ആ മൂക്കില്‍ നിന്നു ഒലിച്ചിറങ്ങി എന്‍റെ കൈത്തണ്ടില്‍ ഇറ്റു വീണു. അപ്പോഴും അടയാതെ എന്നെ നോക്കിയിരുന്ന ആ കുഞ്ഞു കണ്ണുകള്‍ എന്‍റെ വിരല്‍ തുമ്പു കൊണ്ടു അതിനെ നോവിക്കാതെ ഞാന്‍ അടച്ചു.

മരിക്കുവാനായി മാത്രം എന്‍റെ അരുകില്‍ വന്നെത്തിയതു പോലെ ഒരു ജീവന്‍ !

മരണം കണി കാണുന്നതു നല്ലതിനാണെന്നു കേട്ടിട്ടുണ്ട്. അങ്ങനെ ഒരു നല്ല കണിയുമായി ഞാന്‍ ഈ ദിവസം ആരംഭിക്കട്ടെ...

6 comments:

  1. Good one.. even i used to have pigeons at my place when i was a kid..
    Well composed

    ReplyDelete
  2. നന്നായിരിക്കുന്നു.....വേദനകളിൽനിന്നും സ്വാസ്ത്യതിലെക്കുള്ള മോക്ഷമാണു മരണം..നാഡികളിൽ നന്മയുടെ സമുദ്രമുള്ള നിന്റെ വിരലുകളിലെത്തുക എന്നത് നിയോഗം ആയിരിക്കാം.

    ReplyDelete
  3. Good one...nice language and good expressions!! keep it up

    ReplyDelete
  4. ഒരു ജീവന്‍ പൊലിയുന്നതിനു മുന്‍പുള്ള നിമിഷങ്ങള്‍ അതിന്ടെ തീക്ഷണതയും വേദനയും ഒട്ടും നഷ്ടപെടാതെ ഓര്‍മയുടെ ഫ്രയിമിലൂടെ കടത്തിവിട്ട ഈ സൃഷ്ടി പ്രശംസിക്കതേ വയ്യ...എന്റെ പ്രിയ സുഹൃത്തേ നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete