Saturday, August 26, 2017

കാലമേ.. ഒന്ന് സ്‌ലോ ഡൌൺ പ്ലീസ്

" ബിനുവേട്ടാ എനിക്കൊന്ന്‌ തര്വോ ..ഞാനൊന്ന് കോരിക്കോട്ടേ ...." 

" പോടാ ചെർക്കാ .. നീ വലുതായീട്ട് കോരുവോ കുളിക്കുവോ എന്ത് വേണേലും ചെയ്തോ "

" അത് പറ്റൂല ..എനിക്കിപ്പോ കോരണം. ഒറ്റ തവണ മതി ..പ്ലീസ് " 

" നടക്കില്ല മോനെ .. നീ നിൻറെ പണി നോക്കി പുവാൻ നോക്ക് .."

അമ്മാമ്മേടെ (അമ്മയുടെ അമ്മ)  വീടിൻറെ പരിസരത്തെവിടെയോ ആണ് ബിനുവേട്ടൻറെയും വീടെന്നറിയാം. പുള്ളീടെ അച്ഛനേം അമ്മയേം ഒക്കെ അമ്മാമ്മയും അപ്പൂപ്പനും പണ്ട് സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് . അതിൻറെ ഒരു ബഹുമാനം ബിനുവേട്ടൻറെയും "സാറേ" വിളികളിൽ പ്രകടമായിരുന്നു.  സ്കൂൾ അവധിക്കാലത്ത് എന്നെ അമ്മാമ്മേടെ വീട്ടിൽ കൊണ്ടാക്കും. അവിടെയാണ് ബിനുവേട്ടനെപോലെ തനി നാട്ടിൻപുറത്തുകാരായ പിള്ളേരെ കാണാൻ കിട്ടുന്നത്. ബിനുവേട്ടൻ സമയം കിട്ടുമ്പോൾ അമ്മാമ്മേടെ വീട്ടിൽ വന്ന് കൊച്ചു സഹായങ്ങൾ ചെയ്തുകൊടുക്കും  - കടയിൽ പോയ് സാധനങ്ങൾ വാങ്ങിവരിക, പുരയിടത്തിൽ അവിടേം ഇവിടേം കിടുക്കുന്ന തേങ്ങാ, കശുവണ്ടി, ചുള്ളിക്കമ്പുകൾ, കൊതുമ്പ്‌, മടൽ  എന്നിവ പിറക്കികൊണ്ട് വരിക, കിണറ്റിൽ നിന്നും വെള്ളം കോരുക - ഇത്യാദി പരിപാടികൾ. ചെയ്യുന്ന സഹായങ്ങൾക്ക് ഒരു കൊച്ചു തുക പ്രതിഫലമായി അമ്മാമ്മയും കൊടുത്തിരുന്നു. തന്നാലായത് ചെയ്ത് സ്വന്തം വീട്ടുകാരെ സാമ്പത്തികമായി സഹായിച്ചിരുന്ന ആ പയ്യൻറെ മിടുക്ക് ഇടയ്ക്ക്‌ എൻറെ ശ്രദ്ധയിൽ പെടുത്താനും അമ്മാമ്മ ശ്രമിച്ചിരുന്നു.    

അമ്മാമ്മേടെ വീട്ടിലെ കിണറിനു ഒരു മൂടിയുണ്ട്. ഞാൻ അവധിക്ക് വന്നാൽ അത് എപ്പോഴും അടഞ്ഞു പൂട്ടി കിടെക്കും. അടഞ്ഞു കിടുക്കുന്നവയോടും അരുതെന്നു പറയുന്നവയോടും പ്രതേകിച്ചു തോന്നുന്ന ഒരു കമ്പവും ക്യൂറിയോസിറ്റിയുമുണ്ടല്ലോ ! ഇന്ന് അങ്ങനെ ബിനുവേട്ടൻ മൂടി തുറന്ന് കിണറ്റിൽ നിന്നും വെള്ളം കോരുന്ന രംഗമാണ്.

" വലുതാവുമ്പോന്ന് പറഞ്ഞാൽ എപ്പഴാ.. ഓണം ഹോളിഡേയ്‌സ്ന് ഞാൻ വരുമ്പോ പറ്റ്വോ  "

" നീ എൻറെ അത്രേം ആവുമ്പോ സ്വന്തമായി കോരിക്കോ.."

" ബിനുവേട്ടന് എത്ര വയസ്സായി .. "

" പതിനാല് .." 

രംഗം ശോകം. വിരലിൽ എണ്ണി നോക്കി. എനിക്കിപ്പോ വയസ്സ് ആറ്. ഇനിയും ഒരു ആറ് കൊല്ലം കൂടി ജീവിച്ചാലും പന്ത്രണ്ടേ ആവൂ. അതും കഴിഞ്ഞു പിന്നേം രണ്ട് വർഷം കൂടി കഴിയണം ഈ പറയുന്ന പ്രായപൂർത്തി ആവാൻ. അതൊക്കെ ഇനി എന്ന് നടക്കാനാണ് !! ഈ മോഹം തല്ക്കാലം ഉപേക്ഷിച്ചേക്കാം ... 
..ഏയ് അല്ലെങ്കിൽ അങ്ങനെ മൊത്തമായി ഉപേക്ഷിക്കേണ്ട..ഈ പറയുന്ന കാലത്തിനിടെക്ക്‌ കിണറ്റിൻറെ മൂടി അടച്ചു താഴിടാൻ ഒരിക്കലെങ്കിലും ആരെങ്കിലും മറക്കും. 
അവസരം - അത് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നവർക്കുള്ളതാണ്..        

പക്ഷെ പിന്നെ അടുത്ത ഏതോ വർഷത്തെ അവധിക്ക് വന്നപ്പോൾ കണ്ടു കിണറിൻറെ വരി പൊളിച്ചു നീക്കി മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്തിട്ടിരിക്കുന്നു. കിണറിൽ നിന്നും വെള്ളം അടിച്ചു കേറ്റാൻ മോട്ടോറും പമ്പുമൊക്കെയായി. കപ്പിയും തോട്ടിയും കയറുമൊക്കെ പടിയിറങ്ങി.   

നഗരത്തിൻറെ സന്തതിയുടെ നടക്കാതെ പോയ മറ്റൊരു നാട്ടിൻപുറം മോഹം. ബിനുവേട്ടൻ അമ്മാമ്മേടെ വീട്ടിലേക്കുള്ള വരവൊക്കെ പണ്ടേ നിർത്തി. എങ്കിലും നാട്ടു വിശേഷങ്ങളായി പുള്ളി പ്രീഡിഗ്രി കഴിഞ്ഞു ഗൾഫിൽ പോയതും പിന്നീട്‌ കല്യാണം കഴിഞ്ഞതും കുട്ടികൾ ആയതുമൊക്കെ ആരൊക്കെയോ വഴി അറിഞ്ഞ അമ്മാമ്മ പലപ്പോഴായി പറഞ്ഞു കേട്ടിരുന്നു. 

*****************

പോയ മാസം എനിക്ക് വയസ്സ് മുപ്പത്തി രണ്ട് തികഞ്ഞു. ട്രെയിൻ യാത്രകളിൽ ജനലിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ഇലക്ട്രിക്ക് പോസ്റ്റുകൾ മിന്നി മറയുന്നതുപോലെയാണ് ഇപ്പൊ വർഷങ്ങളുടെ പോക്ക്. എനിക്ക് ചുറ്റുമുള്ള ലോകം ഒരുപാട് വലുതായി ..ഒരുപാട് വേഗത്തിലായി. നിത്യ ജീവിതത്തിലെ അക്ഷയപാത്രം പോലുള്ള അനേകം to-do  ലിസ്റ്റുകളിൽ ഒരിടത്തും "കപ്പിയും കയറും കൊണ്ട് കിണറ്റിൽ നിന്നും വെള്ളം കോരണം"  എന്ന ആ ആറ് വയസ്സുകാരൻറെ മോഹം ഞാൻ കുറിച്ചിട്ടില്ല.


1 comment: