Saturday, August 26, 2017

കാലമേ.. ഒന്ന് സ്‌ലോ ഡൌൺ പ്ലീസ്

" ബിനുവേട്ടാ എനിക്കൊന്ന്‌ തര്വോ ..ഞാനൊന്ന് കോരിക്കോട്ടേ ...." 

" പോടാ ചെർക്കാ .. നീ വലുതായീട്ട് കോരുവോ കുളിക്കുവോ എന്ത് വേണേലും ചെയ്തോ "

" അത് പറ്റൂല ..എനിക്കിപ്പോ കോരണം. ഒറ്റ തവണ മതി ..പ്ലീസ് " 

" നടക്കില്ല മോനെ .. നീ നിൻറെ പണി നോക്കി പുവാൻ നോക്ക് .."

അമ്മാമ്മേടെ (അമ്മയുടെ അമ്മ)  വീടിൻറെ പരിസരത്തെവിടെയോ ആണ് ബിനുവേട്ടൻറെയും വീടെന്നറിയാം. പുള്ളീടെ അച്ഛനേം അമ്മയേം ഒക്കെ അമ്മാമ്മയും അപ്പൂപ്പനും പണ്ട് സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട് . അതിൻറെ ഒരു ബഹുമാനം ബിനുവേട്ടൻറെയും "സാറേ" വിളികളിൽ പ്രകടമായിരുന്നു.  സ്കൂൾ അവധിക്കാലത്ത് എന്നെ അമ്മാമ്മേടെ വീട്ടിൽ കൊണ്ടാക്കും. അവിടെയാണ് ബിനുവേട്ടനെപോലെ തനി നാട്ടിൻപുറത്തുകാരായ പിള്ളേരെ കാണാൻ കിട്ടുന്നത്. ബിനുവേട്ടൻ സമയം കിട്ടുമ്പോൾ അമ്മാമ്മേടെ വീട്ടിൽ വന്ന് കൊച്ചു സഹായങ്ങൾ ചെയ്തുകൊടുക്കും  - കടയിൽ പോയ് സാധനങ്ങൾ വാങ്ങിവരിക, പുരയിടത്തിൽ അവിടേം ഇവിടേം കിടുക്കുന്ന തേങ്ങാ, കശുവണ്ടി, ചുള്ളിക്കമ്പുകൾ, കൊതുമ്പ്‌, മടൽ  എന്നിവ പിറക്കികൊണ്ട് വരിക, കിണറ്റിൽ നിന്നും വെള്ളം കോരുക - ഇത്യാദി പരിപാടികൾ. ചെയ്യുന്ന സഹായങ്ങൾക്ക് ഒരു കൊച്ചു തുക പ്രതിഫലമായി അമ്മാമ്മയും കൊടുത്തിരുന്നു. തന്നാലായത് ചെയ്ത് സ്വന്തം വീട്ടുകാരെ സാമ്പത്തികമായി സഹായിച്ചിരുന്ന ആ പയ്യൻറെ മിടുക്ക് ഇടയ്ക്ക്‌ എൻറെ ശ്രദ്ധയിൽ പെടുത്താനും അമ്മാമ്മ ശ്രമിച്ചിരുന്നു.    

അമ്മാമ്മേടെ വീട്ടിലെ കിണറിനു ഒരു മൂടിയുണ്ട്. ഞാൻ അവധിക്ക് വന്നാൽ അത് എപ്പോഴും അടഞ്ഞു പൂട്ടി കിടെക്കും. അടഞ്ഞു കിടുക്കുന്നവയോടും അരുതെന്നു പറയുന്നവയോടും പ്രതേകിച്ചു തോന്നുന്ന ഒരു കമ്പവും ക്യൂറിയോസിറ്റിയുമുണ്ടല്ലോ ! ഇന്ന് അങ്ങനെ ബിനുവേട്ടൻ മൂടി തുറന്ന് കിണറ്റിൽ നിന്നും വെള്ളം കോരുന്ന രംഗമാണ്.

" വലുതാവുമ്പോന്ന് പറഞ്ഞാൽ എപ്പഴാ.. ഓണം ഹോളിഡേയ്‌സ്ന് ഞാൻ വരുമ്പോ പറ്റ്വോ  "

" നീ എൻറെ അത്രേം ആവുമ്പോ സ്വന്തമായി കോരിക്കോ.."

" ബിനുവേട്ടന് എത്ര വയസ്സായി .. "

" പതിനാല് .." 

രംഗം ശോകം. വിരലിൽ എണ്ണി നോക്കി. എനിക്കിപ്പോ വയസ്സ് ആറ്. ഇനിയും ഒരു ആറ് കൊല്ലം കൂടി ജീവിച്ചാലും പന്ത്രണ്ടേ ആവൂ. അതും കഴിഞ്ഞു പിന്നേം രണ്ട് വർഷം കൂടി കഴിയണം ഈ പറയുന്ന പ്രായപൂർത്തി ആവാൻ. അതൊക്കെ ഇനി എന്ന് നടക്കാനാണ് !! ഈ മോഹം തല്ക്കാലം ഉപേക്ഷിച്ചേക്കാം ... 
..ഏയ് അല്ലെങ്കിൽ അങ്ങനെ മൊത്തമായി ഉപേക്ഷിക്കേണ്ട..ഈ പറയുന്ന കാലത്തിനിടെക്ക്‌ കിണറ്റിൻറെ മൂടി അടച്ചു താഴിടാൻ ഒരിക്കലെങ്കിലും ആരെങ്കിലും മറക്കും. 
അവസരം - അത് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നവർക്കുള്ളതാണ്..        

പക്ഷെ പിന്നെ അടുത്ത ഏതോ വർഷത്തെ അവധിക്ക് വന്നപ്പോൾ കണ്ടു കിണറിൻറെ വരി പൊളിച്ചു നീക്കി മുകളിൽ കോൺക്രീറ്റ് സ്ലാബ് വാർത്തിട്ടിരിക്കുന്നു. കിണറിൽ നിന്നും വെള്ളം അടിച്ചു കേറ്റാൻ മോട്ടോറും പമ്പുമൊക്കെയായി. കപ്പിയും തോട്ടിയും കയറുമൊക്കെ പടിയിറങ്ങി.   

നഗരത്തിൻറെ സന്തതിയുടെ നടക്കാതെ പോയ മറ്റൊരു നാട്ടിൻപുറം മോഹം. ബിനുവേട്ടൻ അമ്മാമ്മേടെ വീട്ടിലേക്കുള്ള വരവൊക്കെ പണ്ടേ നിർത്തി. എങ്കിലും നാട്ടു വിശേഷങ്ങളായി പുള്ളി പ്രീഡിഗ്രി കഴിഞ്ഞു ഗൾഫിൽ പോയതും പിന്നീട്‌ കല്യാണം കഴിഞ്ഞതും കുട്ടികൾ ആയതുമൊക്കെ ആരൊക്കെയോ വഴി അറിഞ്ഞ അമ്മാമ്മ പലപ്പോഴായി പറഞ്ഞു കേട്ടിരുന്നു. 

*****************

പോയ മാസം എനിക്ക് വയസ്സ് മുപ്പത്തി രണ്ട് തികഞ്ഞു. ട്രെയിൻ യാത്രകളിൽ ജനലിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ഇലക്ട്രിക്ക് പോസ്റ്റുകൾ മിന്നി മറയുന്നതുപോലെയാണ് ഇപ്പൊ വർഷങ്ങളുടെ പോക്ക്. എനിക്ക് ചുറ്റുമുള്ള ലോകം ഒരുപാട് വലുതായി ..ഒരുപാട് വേഗത്തിലായി. നിത്യ ജീവിതത്തിലെ അക്ഷയപാത്രം പോലുള്ള അനേകം to-do  ലിസ്റ്റുകളിൽ ഒരിടത്തും "കപ്പിയും കയറും കൊണ്ട് കിണറ്റിൽ നിന്നും വെള്ളം കോരണം"  എന്ന ആ ആറ് വയസ്സുകാരൻറെ മോഹം ഞാൻ കുറിച്ചിട്ടില്ല.


Tuesday, September 23, 2014

ചൊവ്വ


കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയാൾ നേരെ ഉറങ്ങിയിട്ടില്ല. ശതകോടിയിലേറെ ജനങ്ങളുള്ള ഈ മഹാരാജ്യത്തിൽ ശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാന അവബോധമുള്ള ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നാഴികകല്ല്. ഇന്ത്യയുടെ ചൊവ്വാ ദൌത്യം. ആ ദൌത്യത്തിന് ചുക്കാൻ പിടിക്കുന്ന പ്രധാനികളിൽ ഒരാൾ. ലോകരാഷ്ട്രങ്ങൾ എല്ലാം അത്ഭുതത്തോടെ ഉറ്റുനോക്കുന്ന നേട്ടം കൈവരിക്കുവാൻ രാജ്യത്തെ സജ്ജമാകുന്നതിൽ ഒരു നിർണായക പങ്കുവഹിക്കാൻ കഴിയുന്നതിൽ അയാൾ അഭിമാനിച്ചിരുന്നു.

 ഇന്നെലെ രാത്രി തുടങ്ങി അയാൾ പതിവിലേറെ അസ്വസ്ഥനായിരുന്നു. വെളുപ്പിന് സഹപ്രവർതകർക്കൊപ്പം കണ്ട്രോൾ റൂമിലിരുന്നു തൻറെയും തന്നെപോലെ മറ്റനേകം ശാസ്ത്രജ്ഞരുടെയും വർഷങ്ങളുടെ കഠിനാധ്വാനം ഫലപ്രാപ്തിയിൽ എത്തുന്ന നിമിഷത്തിനു അയാളും സാക്ഷ്യം വഹിച്ചു. മനസ്സിന് ഒരു ചെറിയ ആശ്വാസം. എങ്ങും ആഹ്ലാതപ്രകടനങ്ങളും ആശ്ലേഷങ്ങളും. പ്രധാനമന്ത്രിയുടെയും പ്രെസിടെന്റിന്റെയും വക രാജ്യത്തിൻറെ അഭിമാനമായ ശാസ്ത്രജ്ഞർക്ക് വാനോളം പുകഴ്ത്തലുകൾ. ഇതിനിടെയിൽ എങ്ങനെയും ധിറുതിയിൽ വീട്ടിൽ പോകാൻ ശ്രമിക്കവേ ഉച്ചക്കുള്ള പത്രസമ്മേളനത്തിനു നിർബന്ധമായും പങ്കെടുത്തിരിക്കണം എന്ന് മുകളിൽ നിന്നുള്ള കല്പ്പന !

 ചൊവ്വ എന്ന ചുവന്ന ഗ്രഹത്തെ കീഴടക്കിയ ഇന്ത്യയുടെ അസൂയാജനഹമായ ശാസ്ത്രസാങ്കേതിക വളർച്ചയെ കുറിച്ചും , ഭാവിയിലെ സ്വപ്ന സാധ്യതകളെ കുറിച്ചും തൻറെ സഹപ്രവർത്തകർ പത്രസമ്മേളനത്തിൽ വാതോരാതെ വിവരിക്കുനത് അയാളെ അക്ഷമാനാക്കി. അന്നു രാത്രിയിലതേക്കുള്ള ചാനൽ ചർച്ചകളിലേക്കുള്ള ക്ഷണങ്ങൾ നിരസിച്ചു ഒരു വിധം ആ ശ്വാസം മുട്ടലിൽ നിന്നൊക്കെ ഒഴിഞ്ഞു അയാൾ തന്റെ വീട്ടിലെത്തി.

 വൈകിയിട്ടില്ല. വൈകിട്ട് അഞ്ചു മണിക്കെത്തും എന്നാണ് ഇന്നെലെ രാത്രി അവർ അറിയിച്ചത്‌. അഞ്ചരയോടെ അവരെത്തി. അപരിചത്വം മറച്ചുപ്പിടിച്ചു പതിവുശൈലിയിൽ  കുശലാന്വേഷണങ്ങൾ, പ്രാദേശിക വിശേഷങ്ങൾ. ഇതിനിടെയിൽക്കൂടെ അന്യോന്യം അറിയാതെയുള്ള സൂക്ഷ്മനിരീക്ഷണങ്ങൾ. അല്പസമയത്തിനു ശേഷം അയാൾ മകളുടെ പേരു നീട്ടി വിളിച്ചു. ഇട്ടു മുഷിഞ്ഞ കുപ്പായം പോലൊരു ചിരിയുമായി അവളെത്തി. തുടർന്ന് പതിവ് പ്രഹസനങ്ങൾ. വന്നവർക്ക് പെണ്‍കുട്ടിയേയും അവളുടെ പേരിലുള്ളതായി അയാൾ പറഞ്ഞു കേൾപ്പിച്ച സ്വത്തുക്കളുടെ പട്ടികയും ഇഷ്ടമായി. തങ്ങളുടെ കുടുംബത്തിലെ മറ്റു മുതിർന്നവരുമയി ഒന്നാലോചിച്ച് നിശ്ചയത്തിനു ഒരു ദിവസം കുറിക്കാൻ കൊടുക്കാമെന്നു പറഞ്ഞ് അവർ ഇറങ്ങി.

 മാനസികസംഘർഷത്തിന്റെ മൂന്നു മണിക്കൂറുകൾക്കു ശേഷം അയാൾ അവരെ ഫോണിൽ വിളിച്ചു.
 "ഒരു കാര്യം നിങ്ങളോട് പറയാൻ വിട്ടു. മോൾടെ ജാതകം കൊടുതുവിട്ടത്തിൽ ഒരു ചെറിയ തെറ്റുപറ്റി. അവൾക്കു ജാതകത്തിൽ ചൊവ്വയുടെ ചെറിയൊരു ദോഷമുണ്ട് ..അല്ല, ഞങ്ങൾക്ക് ഇതിലൊന്നും അത്ര വിശ്വാസവുമില്ല...ബാക്കിയെല്ലാം നിങ്ങള്ക്കിഷ്ടപെട്ട നിലയ്ക്ക് ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിങ്ങൾക്ക്...."

പറഞ്ഞു മുഴുവിക്കും മുൻപ് മറുതലയിൽ കാൾ കട്ടായി. ടിവി ചാനലുകളിലെല്ലാം അപ്പോഴേക്കും പേടകം ചൊവ്വയിൽ നിന്നയച്ച ആദ്യദ്രിശ്യങ്ങൾ കിട്ടിതുടങ്ങിയതായുള്ള അറിയിപ്പുകൾ ഫ്ലാഷ് ന്യൂസായി വന്നു തുടങ്ങിയിരുന്നു.

(Inspired by few facebook status I came across today !)

Monday, March 26, 2012

ശരിതെറ്റുകള്‍

ശരി തെറ്റുകളെന്നൊരു വിശേഷമേ
ഭൂവിതിലുണ്ടെന്നറിയാത്ത ശൈശവവും,

ശരിയുമീ തെറ്റുമിവ രണ്ടും തമ്മില്‍
തിരിച്ചറിവില്ലാത്തൊരുപിഞ്ചു ബാല്യവും,

ശരിയെക്കാള്‍ തെറ്റിനു മാധുര്യം തോന്നുന്ന
കൌമാരമതോരത്ഭുത കാലവും,

തെറ്റാണ് ശരിയെന്നനുഭവം മന്ത്രിക്കും
മായികമാമൊരു യവ്വനകാലവും,

ശരി തരും സുഖമത് തെറ്റിനെക്കാള്‍
എത്ര ശ്രേഷ്ടമെന്നറിയുന്ന മധ്യവയസ്സും,

പൊയ്പ്പോയ തെറ്റുകള്‍ ശരികളായെങ്ങിലെന്നു
പ്രാര്‍ഥിച്ചു നീക്കുന്ന വാര്‍ദ്ധക്യവും,

കടന്നെത്രയോ മാനുഷ ജന്മങ്ങളിങ്ങനെ
മണ്ണോടു ചെര്ന്നിട്ടുമിനിയുമെന്തേ

ശരിയേത് തെറ്റേതെ-എന്നിട്ടുമറിയാതെ
മൂഡ്ഡരായ് അലയുന്നിതീ നമ്മളിന്നും !

Monday, March 5, 2012

ക്ഷണം

കണ്ണിമ ചിമ്മുമൊരു നേരം മുന്‍പുവരെ
സങ്കല്പ്പമായിരുന്നോരാ നിസ്സാര നിമിഷമേ,
ഒരു ക്ഷണ നേരം കൊണ്ടു നീ ഓര്‍മ്മയ്യായി
മാറുമതില്‍ പരം മര്‍ത്യന് മറ്റെന്തത്ഭുതം !

Saturday, July 23, 2011

സ്വപ്നമേ നന്ദി

സുന്ദരമാമൊരു സ്വപ്നത്തില്‍ നിന്നു ഞാന്‍
പെട്ടെന്നുണര്‍ന്നു പകച്ചുപോയി.
ഇപ്പോഴെന്‍ കണ്മുന്നില്‍ കാന്മാതിനോന്നുമാ
നിറവുമില്ല, ജീവനൊട്ടുമില്ല !

നന്ദി, എന്‍ സ്വപ്നമേ സത്യത്തിനെ
മാരിവില്ലിനാല്‍ നിങ്ങള്‍ മറച്ചു തന്നു.
ചുറ്റും നിറഞ്ഞൊരീ പാഴ്മണല്‍ കൂനകള്‍
പൂമര വൃക്ഷങ്ങളാക്കി നിങ്ങള്‍.
പൊള്ളുമീ ചുടുകാറ്റിനൊരു കുളിര്‍ ചോലതന്‍
സുഖമേറും പരിവേഷവും പകര്‍ന്നു.
ഇന്നോളം അറിയാതോരത്ഭുതമായ്
ആ വര്‍ഷ-വസന്തങ്ങള്‍ മാറി വന്നു.
മോഹത്തിന്‍ കടലുകള്‍ക്കപ്പുറം കൊണ്ടുപോയ്
സ്നേഹത്തിന്‍ ദ്വീപുകള്‍ കാട്ടി നിങ്ങള്‍.

കണ്‍കള്‍ തുറന്നു ഞാന്‍ പൊടുനെയീ
യാഥാര്‍ത്യ ചിന്തകളാല്‍ നെടുവീര്‍പ്പെടുമ്പോള്‍,
സ്വന്തമിതല്ലായിരുന്നതെന്തോ പാടെ
നഷ്ടമായി എന്നൊരു തോന്നല്‍ കൂടി.

കണ്ണുമടച്ചു ഞാന്‍ മോഹിച്ചു വീണ്ടുമാ
പൂക്കള്‍ ചിരിക്കും ഉദ്യാനമെത്താന്‍,
ഒരു ചെറു തുമ്പിയായി പാറി നടന്നൊരാ
പൂക്കള്‍ തോറും ചെറു പാട്ടു മൂളാന്‍.

മന്ത്രിക്കയായി ഒരശിരീരി പോലെയാ
ചുടുകാറ്റിതെന്നോടു മാത്രമായി,
"ഇല്ലിനി കണ്ണടച്ചാല്‍ വരില്ലോന്നുമേ
മനസ്സ് മൂടാന്‍ ഈ കറുപ്പ് മാത്രം "

Tuesday, June 7, 2011

ഇടവേളകള്‍

മദം പൊട്ടി പെയ്തൊരു പേയ്മാരി എന്തിനോ
മതിയെന്ന് തോന്നി ഒരിടവേള നോക്കവേ,
മരം പെയ്തു നിന്നൊരാ ഇത്തിരി നേരത്തെന്‍
മിഴികളില്‍ മോഹത്തിന്‍ നിറമേഴും വിതറിയ
മനോഹരി നീ....,കുഞ്ഞിളം വെയിലേ !


കണ്ടങ്ങ്‌ കൊതി തീരും മുന്‍പേ കവര്‍ന്നു പോയ്‌
കാര്‍മുകില്‍ വന്നു നിന്‍ വശ്യമാം പുഞ്ചിരി.
മാരനാം മാരുതനൊത്തൊരാ മഴ വീണ്ടും
വരികയായി, മാനത്ത് പെയ്തു തിമിര്‍ക്കയായി..

Friday, April 22, 2011

നാലു വരി പ്രണയങ്ങള്‍ - 4

ഇന്നീ നടവഴിതന്‍ ഓരത്തു നിന്നു ഞാന്‍
ഇനി വരും നാള്‍കള്‍ തന്‍ ചുടു കാറ്റിതേല്‍ക്കവേ
ഇനിക്കുമൊരു ഓര്‍മ്മയായ് നിറയുന്നെന്‍ നെഞ്ഞതില്‍
പോയൊരു വസന്തത്തിന്‍ സുരഭീ-മാരുതന്‍.

** ** **

നിര്‍മ്മലമാം നിന്‍ വചനങ്ങള്‍ ഒക്കെയും,
നിര്‍മ്മാല്യ പുഷ്പങ്ങള്‍ പോല്‍ നിറയുന്നെന്‍ ഹൃദയത്തില്‍.
നിന്നോടോത്തിരിക്കുമീ നിമിഷങ്ങളൊക്കെയും ദേവി,
നിറമേറും ജീവിതത്തിനര്‍ഥങ്ങള്‍ നിരവധി !

** ** **

അഴകേ നീ ചാരെ ഇന്നില്ലെങ്കിലുമെന്‍
അന്തരാത്മാവില്‍ ആകെയും നിന്‍ ഓര്‍മ്മകള്‍.
അകലെ നിന്‍ മൊഴികളായി ഉതിരുന്ന തെന്നെലെന്‍
അണിയത്തു വന്നതു തഴുകയായി മാനസം.