Tuesday, September 23, 2014

ചൊവ്വ


കഴിഞ്ഞ കുറച്ചു വർഷങ്ങളായി അയാൾ നേരെ ഉറങ്ങിയിട്ടില്ല. ശതകോടിയിലേറെ ജനങ്ങളുള്ള ഈ മഹാരാജ്യത്തിൽ ശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാന അവബോധമുള്ള ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നാഴികകല്ല്. ഇന്ത്യയുടെ ചൊവ്വാ ദൌത്യം. ആ ദൌത്യത്തിന് ചുക്കാൻ പിടിക്കുന്ന പ്രധാനികളിൽ ഒരാൾ. ലോകരാഷ്ട്രങ്ങൾ എല്ലാം അത്ഭുതത്തോടെ ഉറ്റുനോക്കുന്ന നേട്ടം കൈവരിക്കുവാൻ രാജ്യത്തെ സജ്ജമാകുന്നതിൽ ഒരു നിർണായക പങ്കുവഹിക്കാൻ കഴിയുന്നതിൽ അയാൾ അഭിമാനിച്ചിരുന്നു.

 ഇന്നെലെ രാത്രി തുടങ്ങി അയാൾ പതിവിലേറെ അസ്വസ്ഥനായിരുന്നു. വെളുപ്പിന് സഹപ്രവർതകർക്കൊപ്പം കണ്ട്രോൾ റൂമിലിരുന്നു തൻറെയും തന്നെപോലെ മറ്റനേകം ശാസ്ത്രജ്ഞരുടെയും വർഷങ്ങളുടെ കഠിനാധ്വാനം ഫലപ്രാപ്തിയിൽ എത്തുന്ന നിമിഷത്തിനു അയാളും സാക്ഷ്യം വഹിച്ചു. മനസ്സിന് ഒരു ചെറിയ ആശ്വാസം. എങ്ങും ആഹ്ലാതപ്രകടനങ്ങളും ആശ്ലേഷങ്ങളും. പ്രധാനമന്ത്രിയുടെയും പ്രെസിടെന്റിന്റെയും വക രാജ്യത്തിൻറെ അഭിമാനമായ ശാസ്ത്രജ്ഞർക്ക് വാനോളം പുകഴ്ത്തലുകൾ. ഇതിനിടെയിൽ എങ്ങനെയും ധിറുതിയിൽ വീട്ടിൽ പോകാൻ ശ്രമിക്കവേ ഉച്ചക്കുള്ള പത്രസമ്മേളനത്തിനു നിർബന്ധമായും പങ്കെടുത്തിരിക്കണം എന്ന് മുകളിൽ നിന്നുള്ള കല്പ്പന !

 ചൊവ്വ എന്ന ചുവന്ന ഗ്രഹത്തെ കീഴടക്കിയ ഇന്ത്യയുടെ അസൂയാജനഹമായ ശാസ്ത്രസാങ്കേതിക വളർച്ചയെ കുറിച്ചും , ഭാവിയിലെ സ്വപ്ന സാധ്യതകളെ കുറിച്ചും തൻറെ സഹപ്രവർത്തകർ പത്രസമ്മേളനത്തിൽ വാതോരാതെ വിവരിക്കുനത് അയാളെ അക്ഷമാനാക്കി. അന്നു രാത്രിയിലതേക്കുള്ള ചാനൽ ചർച്ചകളിലേക്കുള്ള ക്ഷണങ്ങൾ നിരസിച്ചു ഒരു വിധം ആ ശ്വാസം മുട്ടലിൽ നിന്നൊക്കെ ഒഴിഞ്ഞു അയാൾ തന്റെ വീട്ടിലെത്തി.

 വൈകിയിട്ടില്ല. വൈകിട്ട് അഞ്ചു മണിക്കെത്തും എന്നാണ് ഇന്നെലെ രാത്രി അവർ അറിയിച്ചത്‌. അഞ്ചരയോടെ അവരെത്തി. അപരിചത്വം മറച്ചുപ്പിടിച്ചു പതിവുശൈലിയിൽ  കുശലാന്വേഷണങ്ങൾ, പ്രാദേശിക വിശേഷങ്ങൾ. ഇതിനിടെയിൽക്കൂടെ അന്യോന്യം അറിയാതെയുള്ള സൂക്ഷ്മനിരീക്ഷണങ്ങൾ. അല്പസമയത്തിനു ശേഷം അയാൾ മകളുടെ പേരു നീട്ടി വിളിച്ചു. ഇട്ടു മുഷിഞ്ഞ കുപ്പായം പോലൊരു ചിരിയുമായി അവളെത്തി. തുടർന്ന് പതിവ് പ്രഹസനങ്ങൾ. വന്നവർക്ക് പെണ്‍കുട്ടിയേയും അവളുടെ പേരിലുള്ളതായി അയാൾ പറഞ്ഞു കേൾപ്പിച്ച സ്വത്തുക്കളുടെ പട്ടികയും ഇഷ്ടമായി. തങ്ങളുടെ കുടുംബത്തിലെ മറ്റു മുതിർന്നവരുമയി ഒന്നാലോചിച്ച് നിശ്ചയത്തിനു ഒരു ദിവസം കുറിക്കാൻ കൊടുക്കാമെന്നു പറഞ്ഞ് അവർ ഇറങ്ങി.

 മാനസികസംഘർഷത്തിന്റെ മൂന്നു മണിക്കൂറുകൾക്കു ശേഷം അയാൾ അവരെ ഫോണിൽ വിളിച്ചു.
 "ഒരു കാര്യം നിങ്ങളോട് പറയാൻ വിട്ടു. മോൾടെ ജാതകം കൊടുതുവിട്ടത്തിൽ ഒരു ചെറിയ തെറ്റുപറ്റി. അവൾക്കു ജാതകത്തിൽ ചൊവ്വയുടെ ചെറിയൊരു ദോഷമുണ്ട് ..അല്ല, ഞങ്ങൾക്ക് ഇതിലൊന്നും അത്ര വിശ്വാസവുമില്ല...ബാക്കിയെല്ലാം നിങ്ങള്ക്കിഷ്ടപെട്ട നിലയ്ക്ക് ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിങ്ങൾക്ക്...."

പറഞ്ഞു മുഴുവിക്കും മുൻപ് മറുതലയിൽ കാൾ കട്ടായി. ടിവി ചാനലുകളിലെല്ലാം അപ്പോഴേക്കും പേടകം ചൊവ്വയിൽ നിന്നയച്ച ആദ്യദ്രിശ്യങ്ങൾ കിട്ടിതുടങ്ങിയതായുള്ള അറിയിപ്പുകൾ ഫ്ലാഷ് ന്യൂസായി വന്നു തുടങ്ങിയിരുന്നു.

(Inspired by few facebook status I came across today !)

3 comments:

  1. ath pedachu...oru vashathu chovva abhimaanam aakumbol maru vashathu abhamaanam aakunnu...
    good catch vishnu...
    iniyum thudaratte

    ReplyDelete