Monday, September 27, 2010

യാത്രകളുടെ ആരംഭം

ട്രെയിന്‍ യാത്രകള്‍ എനിക്കിഷ്ടമായി തുടങ്ങിയിരിക്കുന്നു. പക്ഷെ അധികം ആവരുത്. അഞ്ഞും ആറും മണിക്കൂര്‍ വരെ നീളാവുന്ന യാത്രകള്‍..തുടക്കം മുതല്‍ ഒടുക്കം വരെ മടുപ്പ് തോന്നിക്കാത്ത യാത്രകള്‍. ഇന്നെലെ അങ്ങനെ ഒരു 2nd സിറ്റിംഗ് പകല്‍ യാത്രയില്‍ എന്നോടൊപ്പമുള്ള മറ്റു രണ്ടു സീറ്റ്‌കളില്‍ ഒരു അച്ഛനും അമ്മയും..അവരുടെ മടിയില്‍ ഒരു നാല് വയസ്സുകാരനും രണ്ടു വയസ്സുകാരിയും. ആദ്യമൊക്കെ കുട്ടികളുടെ കളികളും വര്‍ത്തമാനങ്ങളും ഞാന്‍ രസിച്ചിരുന്നു. യാത്രയുടെ ദൈര്‍ഖ്യം ഏറും തോറും കുട്ടികള്‍ അസ്വസ്തരാകുവാനും നിര്‍ബന്ധം പിടിക്കുവാനും തുടങ്ങി. ഇടെക്കിടെ തന്‍റെ അച്ഛന്‍റെ മടിയില്‍ കിടെന്നു പിടയുന്ന പയ്യന്‍റെ തൊഴിയും അടിയുമെല്ലാം എനിക്കും കിട്ടാന്‍ തുടങ്ങി. അത് കഴിവതും ഒഴിവാക്കുവാന്‍ ആ മാതാ പിതാക്കള്‍ ശ്രമിച്ചു എങ്കിലും നിഷ്ഭലം. സഹിക്കുകയേ എനിക്ക് നിവര്‍ത്തിയുള്ളൂ. സഹിക്കുവാനും ഞാന്‍ തയ്യാറായി...എന്‍റെ ആദ്യകാല യാത്രകളെ പറ്റി ഓര്‍ത്തപ്പോള്‍.

ഓര്‍മ്മകള്‍ എന്‍റെ പ്രിയപ്പെട്ട സ്വകാര്യതകള്‍ ആണ്. യാത്രകളെ പറ്റിയുള്ള എന്‍റെ ഓര്‍മ്മകളുടെ തുടക്കത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഒട്ടുമിക്ക കുട്ടികളെയും പോലെ യാത്രകളെ ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല. അന്ന് അച്ഛന് സ്വന്തമായി വാഹനമില്ല. രണ്ടുപേര്‍ക്കും തെറ്റില്ലാത്ത ഗവണ്മെന്റ് ജോലിയുമായി പറയത്തക്ക ആസ്തികള്‍ ഒന്നുമില്ലാതെ ജീവിതം തുടങ്ങിയ ആ ഇടത്തരം കുടുമ്പത്തിനു അന്ന് ഓട്ടോറിക്ഷ എന്നതും ധൂര്‍ത്തിന്‍റെ പര്യായമായിരുന്നു. തിരുവനന്തപുരത്ത് തന്നെ വല്ല ബന്ധുകളുടെയും വീട്ടില്‍ പോകാന്‍ ബസ്സുകള്‍ തന്നെ ശരണം. തിങ്ങി നിറഞ്ഞു തള്ളും ബഹളവും കുലുക്കവുമായ ബസ്‌ സ്വാഭാവികമായും എന്നെ അസ്വസ്ഥനാക്കിയിരുന്നു. അച്ഛനോടോ അമ്മയോടോ കാരണമില്ലാതെ നിര്‍ബന്ധം പിടിക്കലും വാശിയും..ബസ്സിലെ അസ്വസ്ഥകളെ ബസ്സില്‍ വയ്ച്ചു തന്നെ ഇങ്ങനെ തീര്‍ക്കുവാന്‍ ഞാന്‍ ശ്രമിച്ചുപോന്നു. ഒരിക്കല്‍ ബസ്സിലെ മുന്‍ സീറ്റില്‍ ഇരുന്നു കണ്ണുരുട്ടുന്ന മൊട്ട തലയന്‍ ഒരു പോലിസ് ആണെന്നും, നിര്‍ബന്ധം പിടിക്കുന്ന കുട്ടികളെ പിടിച്ചു ജയിലില്‍ അടക്കുമെന്നും അച്ഛന്‍ പറഞ്ഞപ്പോള്‍ തല്‍ക്കാലത്തേക്ക് അനുസരണവാനായി മാറിയ കൊച്ചു വിഷ്ണു-വിനെ ഞാന്‍ ഓര്‍ക്കുന്നു.

പക്ഷെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു തമാശയായി, എന്നാല്‍ അതെ സമയം ഒരു 4 വയസ്സുകാരന്‍റെ കണ്ണുനീര്‍ തുള്ളിയുടെ ചൂടറിയിക്കുന്ന ഓര്‍മ്മ മറ്റൊന്നാണ്. വീട്ടിലെ എന്‍റെ ഗുരുത്തക്കെടുകള്‍ക്ക് ഇടെയില്‍ അച്ഛന്‍റെ ശകാരങ്ങളില്‍ ഒന്നു ഇങ്ങനെ ആയിരുന്നു. തനിക്കു വേറൊരു മകന്‍ ഉണ്ടെന്നും, എനിക്ക് അനുസരണയില്ലെങ്കില്‍ എന്നെ വിട്ടു അച്ഛന്‍ അവനോടൊപ്പം പോകുമെന്നും. ആ സങ്കല്‍പ്പം ആദ്യം അത്ര രസിച്ചിരുന്നില്ലെങ്കിലും പിന്നീടതു വെറുതെ പറയുന്നതാണെന്ന് ഞാന്‍ ഊഹിച്ചു പോന്നു. ആ സമയത്തെ ഒരു ബസ്‌ യാത്രയില്‍ പതിവുപോലെ അച്ഛനും അമ്മയും അടുത്ത സീറ്റുകളില്‍..അമ്മയുടെ മടിയില്‍ അസ്വസ്ഥനായി ഞാനും. എന്‍റെ പിടിവാശിയില്‍ മുഷിഞ്ഞിരുന്ന അച്ഛന്‍ പലതും പറഞ്ഞു എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നു. ബസ്സില്‍ കുറച്ചു മുന്നിലായി 7 വയസ്സു പ്രായം തോന്നിക്കുന്ന ഒരു വെളുത്തു മെലിഞ്ഞ പയ്യന്‍ ഒറ്റയ്ക്കു നില്‍കുന്നു.. അവന്‍ ഞങ്ങളെ ഇടെക്കിടെക്കു നോക്കുന്നുണ്ട്..എന്‍റെ അപ്പോഴത്തെ സ്വഭാവത്തില്‍ അവനു രസം പിടിച്ചിരിക്കണം, ആ മുഖത്ത് ഒരു പുഞ്ചിരിയുമുണ്ട്. അവസരം മുതലെടുത്തു അച്ഛന്‍ എന്നോടും അമ്മയോടുമായി പ്രഖ്യാപിച്ചു..താന്‍ ഇടെക്കു പറയുമായിരുന്ന തന്‍റെ മറ്റൊരു മകന്‍ ഇവന്‍ തന്നെ !!

പരിഭവം കലര്‍ന്ന ഒരു അത്ഭുതത്തോടെ ഞാന്‍ അവനെ നോക്കുമ്പോള്‍ അവന്‍ അപ്പോഴും ഞങ്ങളെ നോക്കി ചിരിക്കുന്നു..മറുപടിയെന്നപോല്‍ അച്ഛന്‍ അവനെയും നോക്കി ചിരിക്കുന്നു. ഞാന്‍ പോലുമറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു തുടങ്ങി..ശബ്ദം ഇല്ലാതെയും കരയനാകുമെന്നു ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം!!! മനസ്സു നിറയെ ഒരു വലിയ സങ്കടം, ഒരു വലിയ ഭാരം..നിശബ്ധനായിപ്പോയ് ആ പാവം ഞാന്‍. പ്രതീക്ഷിക്കാതെ ഇത്ര വേഗം ലക്‌ഷ്യം കണ്ട സന്തോഷത്തില്‍ അച്ഛനു മറ്റൊരു വിനോദം തോന്നി...അപ്പോഴേക്കും ഏതോ സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തി ഒന്നു രണ്ടുപേര്‍ ഇറങ്ങിയപ്പോള്‍ ആ പയ്യന് ഇരിക്കുവാന്‍ ഒരു സീറ്റ്‌ കിട്ടിയിരുന്നു. അവന്‍റെ തൊട്ടടുത്തെ സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു അച്ഛന്‍ വേഗമെഴുനേറ്റു അവിടെ പോയി ഇരുന്നു ! ഇതെനിക്ക് സഹിക്കാവുന്നതിനും എത്രയോ മുകളില്‍ ആയിപ്പോയ്. കരച്ചില്‍ നിര്‍ത്താനാവാതെ ഞാന്‍ ശരിക്കും കഷ്ടപെട്ടു. പതിവുപോലെ കരയണം എന്നുറച്ചു കരഞ്ഞതല്ല...ഇതു ഞാന്‍ അറിയാതെ കരഞ്ഞുപോയതാണ്! എപ്പോഴത്തെയും പോലെ വിചാരിക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തുവാനും അതിനാല്‍ സാധികുന്നില്ല. മൂക്കുകള്‍ നിറഞ്ഞു ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടി..കണ്ണുകള്‍ ചുവന്നു തുടങ്ങിയപ്പോഴേക്കും അമ്മ സമാധാനിപ്പിക്കുവാന്‍ തുടങ്ങി ! കളി അല്‍പ്പം കടന്നു പോയി എന്നു ബോധ്യമായ അച്ഛനും വേഗം എന്‍റെ അടുക്കല്‍ വന്നു എല്ലാം വെറുതെ പറഞ്ഞതാണെന്നു പറഞ്ഞു സമാധാനിപ്പിച്ചു ഒരു വിധം കരച്ചില്‍ മാറ്റിയെടുത്തു.

( പിന്നെയും ഒരു മൂന്നു കൊല്ലം കൂടി കഴിഞ്ഞു എനിക്കൊരു അനിയത്തി ഉണ്ടായപ്പോള്‍ ഞാന്‍ അവളെ എങ്ങനെ സ്വീകരിക്കും എന്നു ഈ ഒരു സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍റെ അച്ഛന്‍ അമ്മമാര്‍ ഒരിക്കല്‍ എങ്കിലും ചിന്തിച്ചു കാണണം ! )

വല്ലപ്പോഴുമോരിക്കല്‍ എന്തെങ്കിലും ആവശ്യത്തിനു കുണ്ടറ-യോ വര്‍ക്കല-യോ വരെ 1-2 മണിക്കൂര്‍ നീളുന്ന ബസ്‌ യാത്രകള്‍ അസ്സഹനീയമായിരുന്നു. ബസ്സില്‍ എനിക്കൊരു ഹാഫ് ടിക്കെറ്റും എടുത്തു ഇരിക്കുന്ന അമ്മയുടെ മടിയില്‍ വിയര്‍ത്തും ഉറങ്ങിയും അങ്ങനെ നീളുന്ന യാത്രകള്‍. പക്ഷെ അന്നത്തെ വില്ലന്‍ ബസ്സുകളിലെ ഡീസല്‍ ഗന്ധമായിരുന്നു..ഡീസല്‍ മണം അടിച്ചിരുന്നു അല്‍പ്പം കുലുക്കം കൂടി ആയാല്‍ ജോര്‍ര്‍!!! ഞാന്‍ ഉറപ്പായും ശര്‍ദ്ധിച്ചിരിക്കും. അതിനു ബസ്സ്‌ തന്നെ വേണമെന്നില്ല..ഡീസലില്‍ ഓടുന്ന ambassador കാറുകളിലും യാത്ര ചെയ്യുമ്പോഴൊക്കെ ഞാന്‍ മുടങ്ങാതെ ശര്‍ദ്ധിക്കാന്‍ ശ്രദ്ധിച്ചു പോന്നു ! ഓര്‍ക്കുമ്പോള്‍ അറപ്പു തോന്നുമെങ്കിലും ഇതുമൊരു ഓര്‍മ്മയാണ്..കുണ്ടറ-യിലെക്കൊരു രാത്രി യാത്രക്കിടയില്‍ എവിടെയോ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ ഞാന്‍ അച്ഛന്‍റെ മടിയില്‍ ഇരുന്നു ബസ്സിലെ ജനല്‍ വഴി വെളിയിലേക്ക് ഓഖാനികുന്നു..ബസ്സിനു താഴെക്കൂടെ കഷ്ടകാലത്തിനു ആ നേരം കടന്നു പോയ ഒരു മെലിഞ്ഞ മധ്യവയസ്കന്‍. അവജ്ഞയോടെ മുകളിലോട്ടു നോക്കിയുള്ള അയാളുടെ ആക്രോശവും, ക്ഷമാപണത്തോടെ അയാളെ നോക്കുന്ന അച്ഛനും, നിറഞ്ഞ കണ്ണുകളുമായി രംഗബോധം ഇല്ലതെയിരിക്കുന്ന ഞാനും!

അങ്ങനെ ഒരു 5-6 വയസ്സുവരെ ബസ്സ്‌ യാത്രകളില്‍ polethene ബാഗുകള്‍ എന്‍റെ നിത്യ രക്ഷകനായി. ഒടുവില്‍ ഓര്‍മ്മയിലെവിടെയോ വര്‍ക്കല മുതല്‍ മയ്യനാട് വരെയും, തിരിച്ചും ഒരു ambassador യാത്ര. എന്നേക്കാള്‍ അല്‍പ്പം പ്രായമുള്ള ബന്ധുക്കള്‍ കുട്ടികളും ആ കാറില്‍ ഉണ്ടായിരുന്നതിനാല്‍, നാണം കേടാതിരിക്കുവാന്‍ ഒരു വാശി പോലെ ഞാന്‍ ശര്‍ദ്ധിക്കില്ലെന്നു ഉറച്ചു. ഡീസല്‍ ഗന്ധത്തിനൊപ്പം കാറിന്‍റെ ഫ്രെണ്ടില്‍ കത്തിച്ചു വയ്ച്ചിരുന്ന സാംബ്രാണിതിരികളുടെ രൂക്ഷ സുഗന്ധം. എന്നെ നിയന്ത്രിക്കാന്‍ ഞാന്‍ ഒരുപാടു പണിപ്പെട്ടു. എങ്കിലും ആ യാത്രയില്‍ ആദ്യമായി polethene ബാഗ്‌ ഉപയോഗിക്കാതെ കൂട്ടി. പിന്നീടിന്നുവരെയും ഒരു യാത്രകളിലും എനിക്കു ഈ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പക്ഷെ ദീര്‍ഖ യാത്രകളില്‍ ബസ്സുകളിലെ ഡീസല്‍ ഗന്ധം ഇപ്പോഴും അപൂര്‍വ്വമായി തലവേദനയ്ക്ക് കാരണമാകാറുണ്ട്.

കാലം ഒരുപാടൊന്നും ആയിട്ടില്ലെങ്ങിലും, ഇന്ന് സ്ഥിതിഗതികള്‍ ഏറെ മാറിയിരിക്കുന്നു. അടുത്തിടങ്ങളില്‍ പോകാന്‍ സ്വന്തമായി വാഹനം, ദൂരങ്ങള്‍ക്ക് ട്രെയിന്‍ യാത്രകള്‍. പിന്നെ വല്ലപോഴും ഒന്നു ധൂര്‍ത്താമെന്നു വയ്ച്ചാല്‍ ഫ്ലൈറ്റും ആവാം !

വെറുതെയല്ല, ഇപ്പോള്‍ ഞാന്‍ യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...

3 comments:

  1. അളിയാ ഞാന്‍ കാഞ്ഞിരപ്പള്ളിയില്‍ ഇരുന്നു ജീവിച്ച ജീവിതം നീ തിരുവനന്തപുരത്ത് ഇരുന്നു ജീവിച്ചു;അത്രേയുള്ളൂ വ്യത്യാസം - എന്ന് തോന്നിപ്പോകുന്നു - എത്രയോ കാര്യങ്ങളുമായി എനിക്ക് കണക്റ്റ് ചെയ്യാന്‍ പറ്റിയെന്നോ ഈ ബ്ലോഗ്‌ ഇല്.. അത് കൊണ്ട് തന്നെ, സുഖിച്ചു, വായന.

    ReplyDelete
  2. Machu...nannayitundeda...pakshe aru paranhu kutikalku yatra ishtamallannu???...enikkishtamarunnu yatrakal..bus driver annu hero arunnu...jalakangalkidayilude marunna kazchakal vismayamarunnu..yathrayude avasanathe 2 roopayude naranga vellam amruthayirunnu...innum natil poyal athinu valya mattam onnum illa...athe bus, athe driver, athe side seat..nambyaretante naranga vellathinu mathram 5 roopa!!!!!!!!!!!!!!

    ReplyDelete
  3. വിഷ്ണു നന്നായിരിക്കുന്നു.മനസ്സിന്റെ അടിത്തട്ടില്‍ നിന്നും വരുന്നത് കൊണ്ടാവാം വാക്കുകള്‍ കൂട്ടി യോജിപ്പിച്ചതില്‍ ഒക്കെ ഒരു സൗന്ദര്യം ഉണ്ട് .

    ReplyDelete