Wednesday, August 4, 2010

ജീവിതഗന്ധി

ജീവിതഗന്ധി :

പുതുതായ് വാങ്ങിയ പേര്‍ഫ്യും കുളി കഴിഞ്ഞു രാവിലെ തന്റെ ശരീരത്തില്‍ പൂശുമ്പോള്‍ പതിവിനെക്കാള്‍ ഉന്‍മേഷവും സന്തോഷവും തോന്നി അവന്. കാരണം ഇല്ലാത്തൊരു പുതിയ ആത്മവിശ്വാസം. അതു വരെ ഇല്ലാതിരുന്നൊരു പുതിയ ശീലം. അവന്‍ ഉറച്ചു, ഇതു ഇനി സ്ഥിരം ആക്കിയിട്ട്‌ തന്നെ. ശെഡ്ഡാ..,ഇതു മുമ്പേ തോന്നിയില്ലല്ലോ ഈ ബുദ്ധി !! ഡ്രെസ് ചെയ്തു കേമനായി അങ്ങനെ ഓഫ്ഫീസിലേക്ക് പോകുംവഴിയും അവന്റെ സുഗന്ധം അവനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. താന്‍ ഒരു ചെറിയ സംഭവം തന്നെ! ഗന്ധങ്ങള്‍ക് നിത്യജീവിതത്തില്‍ ഉള്ള പങ്കിനെ പറ്റി ഈയിടെ എവിടെയോ വായിച്ചത്‌ അവന്‍ ഓര്‍ത്തു.

പലതും ചിന്തിയ്ച്ചും ചിരിച്ചും ആവേശഭരീതനായി മനു ഓഫ്ഫീസിലെത്തി. ഇന്നെലെ വരെ ഉണ്ടായിരുന്ന ജീവിതമായിരിക്കില്ല തനിക്ക്‌ ഇന്നു മുതല്‍. താന്‍ ഇന്നൊരു പുതിയ മനുഷ്യനായിട്ടാണ് ഓഫ്ഫീസില്‍ എത്തിയിരിക്കുന്നത്‌. ആത്മവിശ്വാസമുള്ള പുതിയൊരു മനു ! താഴത്തെ നിലയില്‍ ലിഫ്റ്റ്‌ വരാന്‍ ഇന്നു അല്പം അധികം കാത്തു നില്‍ക്കേണ്ടി വന്നു. അപ്പോഴേക്കും ഒരു ലിഫ്റ്റ്‌ നിറയുവാനുള്ള ആളുകള്‍ ആയി കഴിഞ്ഞിരുന്നു അവന് ചുറ്റും. താഴെയെതതി വാതില്‍ തുറന്ന ലിഫ്തിലേക്ക് കയറുമ്പോള്‍ അവന്‍ ഉള്ളു കൊണ്ട് സന്തോഷിച്ചു. തന്നിലെ പുതുമ അങ്ങനെ ഒരു നാലുപേര്‍ ഇതാ അറിയുവാന്‍ പോകുന്നു.

മുകലിലേക്കുയരുന്ന ലിഫ്ടിന്റെ ഒരു കോണിലായി അല്പം ഒതുങ്ങി എങ്കിലും അഭിമാനത്തോടെ അവന്‍ നിന്നു. പെട്ടെന്നു അല്പം അല്‍ഭുതത്തോടെ തന്നെ അവന്‍ ശ്രദ്ധിച്ചു, തന്റെ സുഗന്ധം തനിക്ക്‌ നഷ്ടപ്പെടുന്നുവോ!!? ആണും പെണ്ണുമായി ആ ലിഫ്ടില് ഉണ്ടായിരുന്നവരില്‍ നിന്നുയരുന്ന വിവിധതരം സുഗന്ധങ്കളുടെ ഇടയില്‍ അവന്റെ പുതമ നഷ്ടപ്പെടുന്നതുപോലെ. ഇല്ല, ഇങ്ങനെ ഒരു ആള്‍കൂട്ടത്തിനിടയില്‍ നഷ്ടപെടേണ്ട ഒന്നല്ലല്ലോ തന്റെ ആത്മവിശ്വാസം, ഒരു ചെറിയ പരിഭ്രമത്തോടെ അവന്‍ അല്പം ഗഹനമായി ശ്വാസം അകത്തേക്ക്‌ എടുത്തു നോക്കി...പക്ഷെ തന്റെ സുഗന്ധം തിരിച്ചറിയുവാന്‍ മനുവിന് അപ്പോഴും സാധിക്കുന്നുണ്ടായിരുന്നില്ല. ഓരോ നിലകളില്‍ ലിഫ്റ്റ്‌ നിര്‍ത്തുമ്പോഴും കൂടെയുള്ളവര്‍ ഓരോരുത്തരായി ഇറങ്ങുമ്പോഴും നഷ്ടപെട്ട തന്റെ ആത്മവിശ്വാസത്തിനായി അവന്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ മറ്റെല്ലാവരും ഇറങ്ങി ലിഫ്റ്റ്‌ എട്ടാമത്തെ നിലയിലെത്തി വാതില്‍ തുറക്കുമ്പോഴും നഷ്ടമായത്‌ കണ്ടെത്തുവാനുള്ള വെപ്രാളത്തില്‍ കണ്ണുമടച്ച്‌ അവന്‍ ലിഫ്റ്റീനുള്ളില്‍ തന്നെ നിലകൊണ്ടു. പുറത്തേക്ക്‌ ഇറങ്ങുവാനുള്ള അവസരത്തിനു വിരാമം ഇട്ടുകൊണ്ട്‌ ലിഫ്റ്റ് അടഞ്ഞു. അപ്പോഴേക്കും സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ടു പോയിരുന്ന അവന്‍ തന്റെ പേരു ഓര്‍ത്തെടുക്കുവാന്‍ ഉള്ള പരിശ്രമത്തിലായിരുന്നു.